| Saturday, 2nd July 2022, 6:28 pm

ഇനി കളി മാറും; ഫൈനലില്‍ വിജയികളെ പുതിയ രീതിയില്‍ തീരുമാനിക്കാനൊരുങ്ങി സീരി എ

സ്പോര്‍ട്സ് ഡെസ്‌ക്

കിരീട ജേതാക്കളെ കണ്ടെത്താന്‍ പുതിയ രീതിയവലംബിക്കാനൊരുങ്ങി സീരി എ. ലീഗില്‍ ഒന്നിലധികം ടീമുകള്‍ ഒരേ പോയിന്റില്‍ സീസണ്‍ പൂര്‍ത്തിയാക്കിയാല്‍ കിരീടജേതാക്കളെ കണ്ടെത്താനാണ് സീരി എ പുതിയ രീതിയുമായെത്തിയിരിക്കുന്നത്.

മറ്റ് ലീഗുകളില്‍ നിന്നും വ്യത്യസ്തമായി ടീമുകള്‍ തമ്മിലുള്ള പോയിന്റ് നില തുല്യമായാല്‍ ആ ടീമുകള്‍ തമ്മില്‍ പ്ലേ ഓഫ് മത്സരം കളിച്ച് വിജയിയെ കണ്ടെത്തുന്ന രീതിയാണ് ഇനി മുതല്‍ സീരി എയില്‍ നടപ്പിലാക്കുക.

സാധാരണയായി യൂറോപ്പിലെ മറ്റ് ലീഗുകളില്‍ പോയിന്റ് ടേബിളില്‍ മുകളിലുള്ള രണ്ട് ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുന്ന സാഹചര്യത്തില്‍ ഗോള്‍ വ്യത്യാസം, ഹെഡ് ടു ഹെഡ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കാറുള്ളത്.

സീരി എയിലെ മുന്‍ സീസണിലും ഇതേ രീതിയായിരുന്നു അവലംബിച്ചിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ട് പുതിയ രീതിയില്‍ വിജയികളെ തെരഞ്ഞെടുക്കാനാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ എഫ്.ഐ.ജി.സി (Federazione Italiana Giuoco Calcio) തീരുമാനിച്ചിരിക്കുന്നത്.

തൊണ്ണൂറ് മിനിറ്റ് മാത്രമായിരിക്കും സീരി എയിലെ പുതിയ രീതിയായ പ്ലേ ഓഫ് മത്സരങ്ങള്‍ക്കുണ്ടാവുക. എക്‌സ്ട്രാ ടൈം ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

തൊണ്ണൂറ് മിനിറ്റിന് ശേഷവും സമനിലയില്‍ തുടരുകയാണെങ്കില്‍ നേരിട്ട് പെനാല്‍ട്ടി ഷൂട്ട് ഔട്ട് നടത്തിയായിരിക്കും വിജയികളെ തീരുമാനിക്കുക.

അതേസമയം പുതിയ നിയമം പോയിന്റ് നിലയില്‍ ഒന്നാമതുള്ള ടീമുകള്‍ക്ക് മാത്രമാകും ബാധകം. മറ്റു ടീമുകള്‍ പോയിന്റ് നില തുല്യമായാല്‍ ഹെഡ് ടു ഹെഡ് രീതിയില്‍ തന്നെ മുന്നിലെത്തുന്ന ടീമിനെ തീരുമാനിക്കും.

ഇതിന് മുമ്പ് സീരി എയുടെ ചരിത്രത്തില്‍ പ്ലേ ഓഫിലൂടെ ഒരിക്കല്‍ വിജയികളെ നിര്‍ണയിച്ചിരുന്നു. 1964ല്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനും ബോളോഗ്നയും തമ്മിലുള്ള മത്സരത്തിലാണ് ഇത്തരത്തില്‍ പ്ലേ ഓഫ് നടപ്പാക്കിയത്. മത്സരത്തില്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ബോളോഗ്ന കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlight: Sirie A introduce Play Off System in Final

We use cookies to give you the best possible experience. Learn more