ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കരുത്; ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നും കോടതിയില്‍ സിറാജ് മാനേജ്‌മെന്റ്
Kerala
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കരുത്; ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നും കോടതിയില്‍ സിറാജ് മാനേജ്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 3:50 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദിഭാഗം.

അപകട സമയത്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നാണ് സിറാജ് മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. വാദിഭാഗത്തിനായി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായരാണ് ഹാജരായത്.

അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് ഡോപമിന്‍ പരിശോധനാ ആവശ്യം വാദിഭാഗം മുന്നോട്ട് വെച്ചിട്ടുള്ളത്.

ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ് ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയത്.

കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും വാദിഭാഗം ആവശ്യമുന്നയിച്ചു.