കോഴിക്കോട്: സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കിയ വിധിയ്‌ക്കെതിരെ സമസ്ത എ.പി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പത്രമായ സിറാജ്. ഗുരുതര സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് കോടതി വിധിയെന്നാണ് സിറാജ് പത്രം അഭിപ്രായപ്പെടുന്നത്.
“ദുരന്തത്തിലേക്ക് നയിക്കണോ?” എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് സിറാജ് വിധിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമസാധുത നല്‍കിക്കൊണ്ട് കോടതി നടത്തിയ സുപ്രധാന നിരീക്ഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് “നികൃഷ്ടകേളി”യെന്നാണ് സ്വവര്‍ഗലൈംഗികതയെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
“ലൈംഗിക അഭിരുചിയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്, ഏകപക്ഷീയവും യുക്തിഹീനവുമാണ്, ഐ.പി.സി 377ലെ സാമൂഹിക ധാര്‍മ്മികതയുടെ പേരില്‍ വ്യക്തി അവകാശം ഇല്ലാതാക്കാനാവില്ല, സ്വവര്‍ഗ രതിക്കുള്ള അവകാശം നിഷേധിക്കുന്നത് ഒരുതരം അടിച്ചമര്‍ത്തലാണ്, എല്ലാതരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണ് തുടങ്ങിയ ന്യായങ്ങളാണ് ഈ നികൃഷ്ടകേളി നിയമവിധേയമാക്കുന്നതിന് കോടതി മുന്‍വെച്ചത്.” എന്നു പറഞ്ഞുകൊണ്ട് “മൃഗങ്ങളുമായുള്ള ലൈംഗികാഭിരുചി വ്യക്തിയുടെ അവകാശം ഹനിക്കലാണെന്ന് കോടതിക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?” എന്നും ചോദിക്കുന്നു.
വൃത്തികെട്ട പാശ്ചാത്യന്‍ സംസ്‌കാരത്തിന് അടിമപ്പെട്ടവരല്ലാതെ സംസ്‌കാര ബോധമുള്ള ഒരു സമൂഹവുംഈ വിധിയെ സ്വാഗതം ചെയ്യില്ല. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രചോദനവും ഉത്സാഹവും നല്‍കുന്ന വിധിയാണ് കോടതിയുടേത്. രാജ്യം പുലര്‍ത്തിപ്പോന്ന സദാചാരത്തിനും സംസ്‌കാരത്തിനും ഭാരതീയ ദാര്‍ശനികതക്കും മതങ്ങളുടെ കാഴ്ചപ്പാടിനും വിരുദ്ധമാണിതെന്നും സിറാജ് പറയുന്നു.
ലൈംഗിക വേഴ്ച നൈസര്‍ഗികമായ ഒരാവശ്യമാണെങ്കിലും സ്ത്രീപുരുഷ സംസര്‍ഗമാണ് പ്രകൃതിപരമായ വേഴ്ചയെന്നും അതുമാത്രമാണ് അംഗീകരിക്കപ്പെടേണ്ട ബന്ധമെന്നും പൊതുവെ സാര്‍വ്വാംഗീകൃത കാര്യമാണെന്നും സിറാജ് എഡിറ്റോറിയല്‍ അവകാശപ്പെടുന്നു.
സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്ന “കണ്ടെത്തലും” സിറാജ് മുന്നോട്ടുവെക്കുന്നു. “സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നാണ് ഇതേക്കുറിച്ച് വിപുലമായ പഠനം നടത്തിയ ഒട്ടേറെ ലൈംഗിക ശാസ്ത്രജ്ഞരുടെ പക്ഷം. ഇത്തരം മനോവൈകല്യങ്ങളെ ചികിത്സിച്ചു ഭേദമാക്കുകയല്ലാതെ നിയമത്തിന്റെ പരിരക്ഷ നല്‍കി സമൂഹത്തില്‍ പടരാന്‍ അവസരം നല്‍കുകയല്ല ഭരണ നേതൃത്വവും നീതിന്യായ വ്യവസ്ഥയും ചെയ്യേണ്ടത്.” എന്നാണ് സിറാജ് അഭിപ്രായപ്പെടുന്നത്.