|

ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു; അപകട മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്നും സിറാജ് മാനേജ്‌മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട അപകടമുണ്ടാക്കിയ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി സിറാജ് മാനേജ്‌മെന്റ്. കെ.എം ബഷീറിന്റെ അപകടം കൊലപാതകമാണെന്നും കുറ്റവാളിയെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും സിറാജ് മാനേജ്‌മെന്റ് പറഞ്ഞു.

അപകട മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്നും സിറാജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതിയെ സംരക്ഷിക്കരുതെന്ന നിലപാട് എടുത്തെങ്കിലും പ്രതിക്ക് ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചെന്നും സിറാജ് മാനേജ്‌മെന്റ് ആരോപിച്ചു.
കേസ് ശരിയായ വഴിയിലല്ല പോകുന്നതെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സിറാജ് മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജേിലേയ്ക്ക് മാറ്റുന്ന നടപടികല്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ശ്രീറാമിന്റെ വിഷയത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജേിലേയ്ക്ക് കൊണ്ടുപോകുന്നത്.

ശ്രീറാമിന്റെ പരിക്കിനെ സംബന്ധിച്ചോ ചികിത്സയുടെ വിശദാംശങ്ങളെ സംബന്ധിച്ചോ ഒരു വിശദീകരണവും പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പൊലീസ് കിംസ് ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. ആംബുലന്‍സിലാണ് ശ്രീറാം വെങ്കിട്ടരാമനെ കൊണ്ടുപോകുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20ാം വാര്‍ഡിലെ സെല്‍റൂമിലേക്കാണ് അദ്ദേഹത്തെ മാറ്റുക. തുടര്‍ന്ന് ആരോഗ്യനില പരിശോധിച്ചശേഷമാവും മറ്റു തീരുമാനങ്ങള്‍ എടുക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്ന ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.