താന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്.
സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വിമല്‍ കുമാറുമായുള്ള അഭിമുഖത്തിലാണ് ഇന്ത്യന്‍ സ്‌കിപ്പറോടുള്ള തന്റെ ആരാധനയെ കുറിച്ച് വിവിയന്‍ വാചാലനായത്. വിരാട് കോഹ്‌ലിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതിനും മുമ്പേ തന്നെ താന്‍ രോഹിത്തിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് വിവിയന്‍ പറയുന്നത്.
”എനിക്ക് രോഹിത്തിനെ ഇഷ്ടമാണ്, പ്രത്യേകിച്ചും വിരാട് ക്യാപ്റ്റനായിരുന്നപ്പോള്‍. ക്യാപ്റ്റനാകുന്നതിന് മുമ്പ് തന്നെ ഞാന്‍ രോഹിത്തിന്റെ വലിയ ആരാധകനായിരുന്നു,” വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു.
രോഹിത്തിന് പുറമെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിരാട് കോഹ്ലിയെയും പ്രശംസിച്ചുകൊണ്ടും വിവിയന്‍ റിച്ചാര്‍ഡ്സ് സംസാരിച്ചു.
”ഞാനും സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്ലിയും തമ്മില്‍ പരസ്പര ബഹുമാനമുണ്ട്. അവര്‍ നേടിയെടുത്ത കാര്യങ്ങളെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും വിരാട് കോഹ്ലിയെയും ഞാന്‍ ആരാധിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ കെട്ടിപ്പടുക്കുകയും ടീമിനെ ഇന്നത്തെ സ്ഥാനത്തെത്തിക്കാന്‍ വേണ്ടി കളിക്കുകയും ചെയ്ത എല്ലാ കളിക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ നല്ല ബാറ്റ്സ്മാന്‍മാരുടെ ആരാധകനാണ്,” വിവിയന്‍ റിച്ചാര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു.
വര്‍ഷത്തിലുടനീളം ഇന്ത്യന്‍ ടീം മികച്ച ബാറ്റര്‍മാരെ സൃഷ്ടിച്ചിട്ടുണ്ടെന്നും അത്തരം കളിക്കാരെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് കമന്റേറ്റര്‍ കൂടിയായ താരം എടുത്തുപറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന 2022 ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് നിലവില്‍ രോഹിത്.
പെര്‍ത്തില്‍ നടക്കുന്ന ഷോപീസ് ഇവന്റിനായുള്ള നീലപ്പടയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10, 13 തീയതികളില്‍ രണ്ട് പരിശീലന മത്സരങ്ങളില്‍ ടീം ഇന്ത്യ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ നേരിടും.
Content Highlight: Sir Vivian Richards talks about Rohit Sharma, Virat Kohli and Sachin Tendulkar