| Thursday, 2nd September 2021, 10:02 am

ഇനി സര്‍, മാഡം വിളി വേണ്ട; പ്രമേയം പാസ്സാക്കി ബോര്‍ഡ് വെച്ച് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കി ഭരണസമിതി.

ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍ അറിയിച്ചു.

പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിക്കിയത്. ഇത്തരം അഭ്യര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളാണ് ഇത്തരം വാക്കുകള്‍ എന്നതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം എന്നിവ. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന കാലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പുന:പരിശോധിക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞത്.

പഞ്ചായത്ത് ഓഫിസിലെ സേവനം അവകാശമാണെന്നതിനാലാണ് അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നത്. ഇതിന് പകരം അവകാശപ്പെടുന്നു, താല്‍പര്യപ്പെടുന്നു എന്ന വാക്കുകള്‍ എഴുതാം. വിധേയത്വം തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗമോ വിളിയോ ഇല്ലെന്ന കാരണത്താല്‍ ഏതെങ്കിലും സേവനം നിഷേധിക്കപ്പെട്ടാല്‍ പരാതി നല്‍കാമെന്നും ജനങ്ങളോട് പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്തില്‍ എത്തുന്ന ഏതൊരു പൗരനും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയെയോ ജീവനക്കാരേയോ സര്‍ എന്നതിന് പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗികഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാം.

ഉദ്യോഗസ്ഥരുടെ തസ്തികകളും പേരും എല്ലാ ടേബിളിലും പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്കായാണ് സര്‍ വിളി വിലക്കി ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

വൈസ് പ്രസിഡന്റ് പി.ആര്‍. പ്രസാദ് മുന്നോട്ടു വെച്ച ആശയം പ്രമേയമാക്കാമെന്ന് തീരുമാനിച്ചത് പ്രസിഡന്റ് പ്രവിത മുരളീധരനാണ്. 8 കോണ്‍ഗ്രസ് അംഗങ്ങളും 7 സി.പി.ഐ.എം അംഗങ്ങളും ഒരു ബി.ജെ.പി അംഗവും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  sir madom salutatuion Mathur panchayat administration passed resolution

We use cookies to give you the best possible experience. Learn more