| Thursday, 4th July 2024, 12:22 pm

റൊണാള്‍ഡോ 2026 ലോകകപ്പ് കളിക്കുമോ? പ്രതികരണവുമായി സർ അലക്‌സ് ഫെര്‍ഗൂസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്ബോൾ കരിയറിന്റെ ഭാവി എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍.

2026 ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കാന്‍ സാധ്യത കുറവാണെന്ന് റെഡ് ഡെവിള്‍സ് ഇതിഹാസ കോച്ച് പറഞ്ഞത്. ജര്‍മന്‍ ഔട്ട്ലെറ്റായ സ്‌പോര്‍ട്‌സ് ബില്‍ഡിലൂടെ പ്രതികരിക്കുകയായിരുന്നു ഫെര്‍ഗൂസന്‍.

‘റൊണാള്‍ഡോ 2026 ലോകകപ്പില്‍ കളിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ കൂടുതല്‍ വേഗമേറിയതും കായിക ക്ഷമതയുള്ളതുമായി മാറും. കൂടാതെ സെന്‍ട്രല്‍ സ്‌ട്രൈക്കര്‍മാരുടെ സ്ഥാനം കളിക്കളത്തില്‍ വളരെ കുറഞ്ഞുവരും. ഡിഫന്‍ഡര്‍മാരില്‍ നിന്നും വ്യത്യസ്തമായി സ്‌ട്രൈക്കര്‍മാര്‍ക്ക് പ്രായമാകുമ്പോള്‍ മികച്ച പ്രകടനങ്ങള്‍ നടത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്,’ അലക്‌സ് ഫെര്‍ഗൂസന്‍ പറഞ്ഞു.

അതേസമയം നിലവില്‍ റൊണാള്‍ഡോയും സംഘവും യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും പ്രീ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞപ്പോഴും റൊണാള്‍ഡോക്ക് ഇതുവരെ പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല.

സ്ലൊവേനിയക്കെതിരെയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി അല്‍ നസര്‍ നായകന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളുടെ കരുത്തില്‍ പറങ്കിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.

ഗോളടിച്ചില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ചരിത്ര നേട്ടങ്ങള്‍ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വ്യത്യസ്ത ആറ് എഡിഷനുകളില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.

പിന്നീട് തുര്‍ക്കിക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ഒരു അസിസ്റ്റ് നേടാനും പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചിരുന്നു. ഇതോടെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ആ മത്സരത്തില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഗോള്‍ അടിക്കാന്‍ ലഭിച്ച സുവര്‍ണാവസരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് കൈമാറുകയായിരുന്നു റൊണാള്‍ഡോ.

Content Highlight: Sir Alex Ferguson Talks Cristaino Ronaldo Future

We use cookies to give you the best possible experience. Learn more