| Wednesday, 31st August 2016, 5:56 pm

സിംഗൂരില്‍ ടാറ്റയ്ക്ക് നല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്ന് മാസത്തിനകം ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍കര്‍ക്ക് തിരിച്ച് നല്‍കുന്നതിനുള്ള നടപടി എടുക്കാനും ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ന്യൂദല്‍ഹി: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബംഗാളിലെ സിംഗൂരില്‍ മുന്‍ ഇടതുസര്‍ക്കാര്‍ 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കിയ നടപടി സുപ്രീംകോടതി റദ്ദാക്കി.

മൂന്ന് മാസത്തിനകം ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍കര്‍ക്ക് തിരിച്ച് നല്‍കുന്നതിനുള്ള നടപടി എടുക്കാനും ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഭൂമി ഏറ്റെടുത്ത് നല്‍കിയത് പലകാരണങ്ങളാല്‍ നിയമപരല്ലെന്നാണാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. 2006ല്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ് കര്‍ഷകരുടെ ഭൂമി ടാറ്റക്കായി ഏറ്റെടുത്ത് നല്‍കിയത്.

തുടര്‍ന്ന്  കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ ഫാക്ടറി ഗുജറാത്തിലേക്ക് ടാറ്റ ഗ്രൂപ്പ് മാറ്റിസ്ഥാപിച്ചിരുന്നു.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുടെ സമരം. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നീണ്ടകാലത്തെ ഇടത് ഭരണത്തിന് അന്ത്യംകുറച്ച് അധികാരത്തിലെത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മമതാ ബാനര്‍ജി 2011 ല്‍ ടാറ്റക്ക് ഭൂമി വിട്ട് നല്‍കിയ നടപടി റദ്ദാക്കിയിരുന്നെങ്കിലും ടാറ്റ കമ്പനി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീകോടതിയില്‍ എത്തിയിരിക്കുന്നത്.

ബംഗാളില്‍ തിരിച്ചടി  നേരിട്ട് കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന് സുപ്രീകോടതി വിധി മറ്റൊരു ഇരുട്ടടിയായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more