| Monday, 19th March 2012, 4:45 pm

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏകജാലക സംവിധാനം ഈ വര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ആഫീസുകളില്‍ ഏകജാലക സംവിധാനം ഈ വര്‍ഷം തന്നെ നിലവില്‍ വരും. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്ന തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും അതിന്മേല്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ആധാരം രജിസ്‌ട്രേഷനുകള്‍ക്ക് നിലവിലുള്ള സ്റ്റാമ്പിംഗ് സംവിധാനം പരിഷ്‌കരിച്ച് കേരളത്തില്‍ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി
ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പിലാകുന്നതോടുകൂടി ആധാര രജിസ്‌ട്രേഷന്‍ മേഖലയില്‍ കൂടുതല്‍ സുതാര്യതയും, കുറഞ്ഞ സമയക്രമവും, വ്യാജമുദ്രപത്രങ്ങളുടെ വിപണനവും തടയാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

കേരളത്തിലെ സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴിലിനെ ബാധിക്കാത്ത രീതിയില്‍ അതീവ സുരക്ഷാകമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-സ്റ്റാമ്പിംഗ് സേവനം തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നടപ്പിലാക്കും.

സബ് രജിസ്ട്രാര്‍ ആഫീസില്‍ സൂക്ഷിച്ചിരിക്കുന്ന രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ നെറ്റ്‌വര്‍ക്ക് മുഖാന്തിരം തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍
എത്തിച്ചുകൊണ്ട് കേരളത്തിലെ ഭൂമി സംബന്ധമായ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കും. രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഇ-പേമെന്റ് മുഖാന്തിരം നല്‍കാവുന്നതാണ്.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more