ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്‌സാണ് രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സ്. 2013ല്‍ സിങ്കം എന്ന ചിത്രത്തിലൂടെ ആരംഭിച്ച യൂണിവേഴ്‌സില്‍ സിങ്കം റിട്ടേണ്‍സ് (2014), സിംബ (2018), സൂര്യവന്‍ഷി (2021) എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങി. സിങ്കത്തിലൂടെ അജയ് ദേവ്ഗണ്ണും സിംബയിലൂടെ രണ്‍വീര്‍ സിങ്ങും സൂര്യവന്‍ഷിയിലൂടെ അക്ഷയ്കുമാറും കോപ് യൂണിവേഴ്‌സിന്റെ ഭാഗമായി. യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ സിങ്കം എഗൈന്റെ ട്രെയ്‌ലറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
അജയ് ദേവ്ഗണ്‍, കരീന കപൂര്‍, രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍ എന്നിവരോടൊപ്പം പുതിയ രണ്ട് സൂപ്പര്‍ കോപുകളും യൂണിവേഴ്‌സിന്റെ ഭാഗമാകുന്നുണ്ട്. ലേഡീ സിങ്കമായി ദീപികാ പദുകോണും എ.സി.പി. സത്യയായി ടൈഗര്‍ ഷ്‌റോഫുമാണ് യൂണിവേഴ്‌സിലെ പുതിയ അംഗങ്ങള്‍. ചിത്രത്തിന്റെ കഥ മുഴുവന്‍ കാണിച്ചുകൊണ്ടുള്ള അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ട്രെയ്‌ലറിന്റെ ആദ്യാവസാനം രാമായണം റഫറന്‍സ് നിറച്ചുവെച്ചിട്ടുണ്ട്.
രാമനായി അജയ് ദേവ്ഗണും ലക്ഷ്മണനായി ടൈഗര്‍ ഷ്‌റോഫും ഹനുമാനായി രണ്‍വീര്‍ സിങിനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ വില്ലനായി എത്തുന്നത് അര്‍ജുന്‍ കപൂറാണ്. ബോളിവുഡില്‍ ഇന്നോളം ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയ്‌ലറാണ് സിങ്കം എഗൈന്റേത്. വന്‍ സ്റ്റാര്‍ കാസ്റ്റില്‍ 200 കോടി ബജറ്റിലാണ് ചിത്രം എത്തുന്നത്.
ട്രെയ്‌ലറില്‍ കാണിച്ചില്ലെങ്കിലും രോഹിത് ഷെട്ടി സൃഷ്ടിച്ച ഇന്‍സ്‌പെക്ടര്‍ ചുല്‍ബുല്‍ പാണ്ഡേ, സിങ്കം എഗൈനില്‍ അവതരിക്കുമെന്ന റൂമറുകളുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായി സിങ്കം എഗൈന്‍ മാറും. നേരത്തെ ഓഗസ്റ്റ് 15ന് റിലീസാകുമെന്ന് പറഞ്ഞ ചിത്രം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. ദീപാവലി റിലീസായാണ് ചിത്രം ഇനി തിയേറ്ററുകളിലെത്തുക. സ്ത്രീ 2 നേടിയ വമ്പന്‍ വിജയം സിങ്കത്തിനും നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Singham again trailer released