കൊച്ചി: ദേശീയ അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് യേശുദാസിനെതിരായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മലയാള സിനിമാ ഗായകരുടെ സംഘടനയായ സിംഗേഴ്സ് അസോസിയേഷന് ഓഫ് മലയാളം. യേശുദാസ് ആദരണീയ വ്യക്തിയും തലമുറകള്‍ക്ക് മാതൃകയുമാണെന്നും യേശുദാസിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ആദരിക്കണമെന്നും സംഘടന പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്കെല്ലാം പുരസ്കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്കാരം നല്കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ നിന്ന് വിട്ട് നിന്നിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിന്റേയും സംവിധായകന് ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് മലയാള സിനിമയില്‍ നിന്നും നിരവധി പേര് രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ ഇപ്പോഴും അവസാനമില്ലാതെ തുടരുന്നതിനിടയിലാണ് ഗായകരുടെ സംഘടനയായ സമം പത്രക്കുറിപ്പുമായി എത്തിയിരിക്കുന്നത്.
“യേശുദാസ് ആദരണീയ വ്യക്തിയും തലമുറകള്‍ക്ക് മാതൃകയുമാണ്. അദ്ദേഹം അനേകം പേര്‍ക്ക് ഗുരുസ്ഥാനീയനാണ്. യേശുദാസിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ആദരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ 78ാം വയസില്‍ പുരസ്കാരം നേടിയ യേശുദാസിന്റെ ബഹുമതിയുടെ മൂല്യം മനസിലാക്കി അദ്ദേഹത്തോട് ആദരവോടെ പെരുമാറണം. ചിലര്‍ നടത്തുന്ന തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ യേശുദാസിന്റെ ആരാധകരുടെയും യുവജനങ്ങളുടെയും ചിന്തകളെ വഴിത്തെറ്റിക്കുന്നു. ഇതില്‍ സംഘടന പ്രതിഷേധിക്കുന്നതായും പത്ര കുറിപ്പില്‍ പറയുന്നു.
അതേസമയം ദേശീയ പുരസ്കാര ചടങ്ങിനായി വിജ്ഞാന് ഭവനിലേക്ക് പുറപ്പെടവേ സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്ത് സംഭവവും വിവാദമായിരുന്നു.