തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയിലിരിക്കെ അന്തരിച്ച യുവഗായകന്‍ സോമദാസ് ചാത്തന്നൂരിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ സഹമത്സരാര്‍ത്ഥിയുമായിരുന്ന വിവേകാനനന്ദന്‍. 2008ലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ താരം സോമദാസായിരുന്നെന്നും സ്‌റ്റേജില്‍ കയറിയാല്‍ അദ്ദേഹം മറ്റൊരാളായി മാറും പോലെയുള്ള പ്രകടനമാണ് നടത്തിയിരുന്നതെന്നും വിവേകാനന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ സോമദാസും ഞങ്ങളും അറിയപ്പെടുന്നത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്. എന്നാല്‍ സോമദാസ് അതിനു മുന്‍പേ തന്നെ സ്റ്റേജുകളില്‍ പാടി ജനങ്ങളെ കയ്യിലെടുക്കുമായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം പരിപാടികള്‍ക്ക് വരുമായിരുന്നു. ഞങ്ങളെയൊക്കെ പാടി കയ്യിലെടുത്ത ആളാണ്. പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ടതില്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു.
അദ്ദേഹം ഒരു ഗുരുവില്‍ നിന്നും പാട്ട് പഠിച്ചതല്ല. ബോണ്‍ ടാലന്റായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ജഡ്ജസിന്റെയും ഞങ്ങളുടെയും കണ്ണുനിറച്ചിരുന്നു. മനസ് തുറന്നു പറയുകയാണ്, ആ ഒരു സീസണില്‍ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല. എവിടെ ചെന്നാലും സോമുവിന് സുഖമല്ലേ, എന്ത് ചെയ്യുന്നു, അന്വേഷണം പറയണം ഇതുമാത്രമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്. അങ്ങനെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുക എന്നു പറയുന്നത് ദൈവാനുഗ്രഹമാണ്.
സ്റ്റാര്‍ സിംഗറില്‍ റൂം ഷെയറിംഗടക്കം ഒരുപാട് സമയം ഒന്നിച്ചുണ്ടായിരുന്നു. നാളുകളായി പാട്ട് പഠിച്ച ഒരാളില്‍ നിന്നും കിട്ടുന്ന അറിവിനേക്കാള്‍ സ്റ്റേജില്‍ പാടിയുള്ള അനുഭവങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.
സ്റ്റേജില്‍ കയറിയാല്‍ സോമു വേറെ ഒരാളാണ്. പത്തിരട്ടി എനര്‍ജി എവിടെ നിന്നൊക്കയോ വരും. എങ്ങനെയാണ് സോമു ട്രാന്‍സ്‌ഫോം ചെയ്യപ്പെടുന്നതെന്ന് പറയാനാവില്ല. സോമുവിനെ പറ്റി ഇപ്പോള്‍ ചോദിച്ചാല്‍ വികാരഭരിതനായി പോകും. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ദുഖം താങ്ങാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലോകം മുഴുവനുമുള്ള ആരാധകര്‍ക്കും സാധിക്കട്ടെയെന്നേ പറയാനുള്ളു.’ വിവേകാനന്ദന്‍ പറഞ്ഞു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് സോമദാസ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് . ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ സോമദാസ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.
2008ലാണ് സോമദാസ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരിച്ചത്.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. സോമദാസ് പാടുന്ന ശങ്കര്‍ മഹാദേവിന്റെ പാട്ടുകള്‍ക്കും ഏറെ ആരാധകരുണ്ടായിരുന്നു.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും നിരവധി സ്‌റ്റേജ് ഷോകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
കൊല്ലം സെന്റ്. ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Singer Vivekanandan about Somadas Chathannur, shares Idea Star Singer experience