ഒരുപിടി മികച്ച ഗാനങ്ങളിലൂടെ മലയാള സംഗീത ആസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഗായകനാണ് വിജയ് യേശുദാസ്. മലയാള പിന്നണി ഗാനരംഗത്ത് ചുവടുവെച്ചിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ് വിജയ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അടക്കം നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇക്കാലയളവിനുള്ളില്‍ പാടാന്‍ വിജയ് യേശുദാസിന് സാധിച്ചിട്ടുണ്ട്.
താന്‍ പാടിയതും അല്ലാത്തതുമായ ഒത്തിരി ഗാനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുണ്ട് വിജയ് യേശുദാസ്. എന്നാല്‍ താന്‍ പാടിയ പാട്ടുകളില്‍ റെക്കോഡിങ് വേളയില്‍ കണ്ണുനിറഞ്ഞ പാട്ടുകളും അക്കൂട്ടത്തില്‍ ഉണ്ടെന്ന് വിജയ് പറയുന്നു.
പാടുമ്പോള്‍ മനസിനെ ഉലച്ചുകളഞ്ഞ ഗാനങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു വിജയ് യേശുദാസിന്റെ മറുപടി. ഇക്കാലത്തിനിടെ അങ്ങനെ കുറേ പാട്ടുകളുണ്ടായിട്ടുണ്ടെന്നും വിജയ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ജോസഫ് സിനിമയിലെ പാട്ടുകളെല്ലാം അത്തരത്തിലുള്ളവയാണ്. തമിഴില്‍ യുവന്‍ ശങ്കര്‍ രാജ ഈണം നല്‍കിയ ദൈവങ്ങളെല്ലാം തോേ്രട പോകും എന്നൊരു ഗാനമുണ്ട്. റെക്കോഡിങ് വേളയില്‍ കണ്ണുനിറഞ്ഞു. ഇടവേളയെടുത്താണ് പാട്ട് പൂര്‍ത്തിയാക്കിയത്. തമിഴകം ഇന്നും വൈകാരികമായി ആ ഗാനത്തെ കുറിച്ചു സംസാരിക്കുന്നുണ്ട്, വിജയ് പറയുന്നു.
വിജയ് യേശുദാസിന് അച്ഛന്‍ നല്‍കിയ ഉപദേശമെന്തായിരുന്നു എന്ന ചോദ്യത്തിന് അടിക്കുകയോ വഴക്കു പറയുകയോ ഉപദേശിക്കുകയോ ചെയ്യുന്ന അപ്പയുടെ മുഖം മനസ്സിലില്ലെന്നും ശബ്ദത്തിന് വെല്ലുവിളിയാകുന്ന ഭക്ഷണം ഉപേക്ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലതും കണ്ടുപഠിക്കുകയായിരുന്നു എന്നുമായിരുന്നു വിജയ് യേശുദാസിന്റെ മറുപടി.
റെക്കോഡിങ്ങുള്ള ദിവസങ്ങളില്‍ പോലും ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതാണ് എന്റെ സ്വഭാവം. കളികഴിഞ്ഞ് നേരേ സ്റ്റുഡിയോയിലേക്ക് വെച്ചുപിടി ക്കും! എന്റെ ഇത്തരം രീതികള്‍ ശ്രദ്ധിച്ച് അപ്പ അമ്മയോട് ചോദിക്കും, ഇങ്ങനെയൊക്കെ കളിച്ച് ക്ഷീണിച്ചുപോയാല്‍ പാട്ട് ശരിയാകുമോയെന്ന്.
പക്ഷേ, ഇതൊക്കെയാണ് എന്റെ രീതി. എന്റെ പാട്ടുകളെക്കുറിച്ച് മികച്ചതോ മോശമോ ആയ കമന്റുകള്‍ അപ്പയില്‍ നിന്ന് നേരിട്ടു ലഭിച്ചിട്ടില്ല. അമ്മവഴിയാണ് പലതും കേള്‍ക്കാറ്. ‘മിഴികള്‍ക്കിന്നെന്തു വെളിച്ച’മെല്ലാം ഇഷ്ടപ്പെട്ടതായി മുന്‍പ് പറഞ്ഞതോര്‍മയുണ്ട്. ചില പാട്ടുകള്‍ കേട്ടാല്‍, അതവന്‍ നന്നായി പാടി, അവന് നന്നായി പാടാന്‍ കഴിയുന്നുണ്ട് എന്നെല്ലാം പറയാറുണ്ട്, വിജയ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Singer Vijay Yesudas About Songs