ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ നേടി. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ വാണി ഹൃദ്യസ്ഥമാക്കിയത്. തന്റെ എട്ടാം വയസ്സില്‍ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനില്‍ പാടി തുടങ്ങി.
കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരായിരുന്നു കര്‍ണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാര്‍. ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദകര്‍ക്ക് ഇടയില്‍ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ വാണി നേടി.
1974ല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യന്‍ ഭാഷകളിലും സജീവമായത്. എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി.
ഏതോ ജന്മകല്‍പനയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.
content highlight: singer vani jayararam died