മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായകിയാണ് സയനോര ഫിലിപ്പ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ് താരമിപ്പോള്‍. പ്രസവത്തിന് ശേഷം താന്‍ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സയനോര.
കുഞ്ഞുണ്ടായതിന് ശേഷം പത്തിരുപത് ദിവസം താന്‍ വലിയ ട്രോമയിലൂടെയാണ് കടന്നു പോയതെന്നും ബാത്ത്‌റൂമില്‍ നിന്ന് താന്‍ അലറി കരയുന്നത് കണ്ടിട്ട് അമ്മ പേടിച്ച് പോയിരുന്നുവെന്നും സയനോര പറഞ്ഞു.
21ാമത്തെ വയസുമുതല്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഒറ്റക്ക് നോക്കിയത് താനാണെന്നും കുറച്ചു കാലമായി മകളുമായി ഒറ്റക്കാണ് ജീവിക്കുന്നതെന്നും സയനോര പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയിലാണ് സയനോര ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്ത് റിലേഷന്‍ഷിപ്പിലായാലും നമ്മള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. നിങ്ങള്‍ക്ക് നിങ്ങളോട് കരുണ ഉണ്ടാവണം. ഞാനെപ്പോഴും എന്റെ ആഗ്രഹങ്ങളേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു.
ഒരാള്‍ക്ക് കുറേക്കാലം സ്‌ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത് അത് സാരമില്ല എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. 21ാമത്തെ വയസ്സിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം എടുക്കുന്നത്. സഹോദരനുള്‍പ്പെടെ പിന്നീട് എന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് നമ്മള്‍ പുറമേ കാണുന്ന പോലത്തെ ലൈഫ് ആയിരിക്കില്ല.
ഞാനങ്ങനെ ഒരു അവസ്ഥയില്‍ വന്നിട്ടില്ല എന്ന ഫീല്‍ ആയിരുന്നു. ആ സമയം ഞാന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും അകലുകയായിരുന്നു. ഞാനും മകള്‍ സനയും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി ഞാന്‍ സിംഗിള്‍ പാരന്റ് ആണ്.
ഒരു അമ്മയാവുമ്പോഴാണ് പൂര്‍ണത വരുകയുള്ളുവെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. മദര്‍ഹുഡ് വളരെ ഗ്ലോറിഫൈ ചെയ്യപ്പെട്ടതായാണ് ഞാന്‍ കാണുന്നത്. ഞാന്‍ അമ്മയായപ്പോള്‍, എനിക്ക് സത്യം പറഞ്ഞാല്‍ പേടി ആയിരുന്നു.
എനിക്ക് എന്നെത്തന്നെ നോക്കാന്‍ പറ്റുന്നില്ല. ഞാനെങ്ങനെ ഈ കുഞ്ഞിനെ നോക്കും എന്ന തോന്നലായിരുന്നു. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം ഞാന്‍ വലിയ ട്രോമയിലൂടെയാണ് കടന്ന് പോയത്. ഞാന്‍ ബാത്ത് റൂമില്‍ നിന്ന് കരയുകയായിരുന്നു. എനിക്കെന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
കുഞ്ഞ് പകല്‍ ഉറങ്ങി രാത്രി ഉറങ്ങാറേ ഇല്ലായിരുന്നു. എനിക്ക് ഉറക്കവും പ്രശ്‌നമായി. ആ സ്ട്രസ് വളരെ അധികമായിരുന്നു. ഞാന്‍ ബാത്ത്‌റൂമില്‍ നിന്ന് അലറിക്കരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മമ്മിയൊക്കെ പേടിച്ച് പോയി.
മമ്മി എനിക്കിത് പറ്റുന്നില്ല എന്ന് പറഞ്ഞ് ഞാന്‍ കരയുമായിരുന്നു. ചില കാര്യങ്ങള്‍ നമ്മള്‍ മക്കളുടെ അടുത്ത് നിന്ന് പഠിക്കും. ചില കാര്യങ്ങള്‍ അവരില്ലായിരുന്നെങ്കില്‍ സാധിക്കില്ലായിരുന്നു,” സയനോര പറഞ്ഞു.
content highlight: singer syanoraphilip about motherhood