സംഗീതത്തിന്റെ മാന്ത്രികവടി കൊണ്ട് നിങ്ങള്‍ എല്ലായിടത്തും മാജിക് പടര്‍ത്തുന്നു; എ.ആര്‍. റഹ്മാന് ആശംസകളുമായി ശ്വേത മോഹന്‍
Entertainment news
സംഗീതത്തിന്റെ മാന്ത്രികവടി കൊണ്ട് നിങ്ങള്‍ എല്ലായിടത്തും മാജിക് പടര്‍ത്തുന്നു; എ.ആര്‍. റഹ്മാന് ആശംസകളുമായി ശ്വേത മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th January 2022, 5:07 pm

സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഗായിക ശ്വേത മോഹന്‍.

നിങ്ങള്‍ സ്‌പെഷ്യലാണ്. കാരണം സംഗീതത്തിന്റെ മാന്ത്രികവടി കൊണ്ട് നിങ്ങള്‍ എല്ലായിടത്തും മാജിക് പടര്‍ത്തുന്നു എന്നാണ് ആശംസാ സന്ദേശത്തില്‍ ശ്വേത മോഹന്‍ പറഞ്ഞത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ശ്വേത ആശംസകള്‍ നേര്‍ന്നത്.

”പ്രിയപ്പെട്ട റഹ്മാന്‍ സാറിന് പിറന്നാള്‍ ആശംസകള്‍. മറ്റാരെക്കാളുമധികം നിങ്ങള്‍ പ്രചോദനം നല്‍കുന്നു. കാരണം നിങ്ങള്‍ ഓരോ ഉദ്ദേശത്തോടെയാണ് സൃഷ്ടികളുണ്ടാക്കുന്നത്. ചുറ്റുമുള്ളവരുടെ വളര്‍ച്ചയെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കുന്നു.

നിങ്ങള്‍ സ്‌പെഷ്യലാണ്. കാരണം സംഗീതത്തിന്റെ മാന്ത്രികവടി കൊണ്ട് നിങ്ങള്‍ എല്ലായിടത്തും മാജിക് പടര്‍ത്തുന്നു.

വരുന്ന തലമുറയുടെ നല്ലതിന് വേണ്ടിയുള്ള ചിന്ത നിങ്ങളിലുണ്ട്. ഒരു മ്യുസിഷന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചക്ക് വേണ്ടിയും നിങ്ങളുടെ വിലയേറിയ സമയം ചിലവഴിച്ചിട്ടുണ്ട്.

നിങ്ങളുടെ സ്‌നേഹം, നിര്‍ദേശങ്ങള്‍, പിന്തുണ എന്നിവ കൊണ്ട് ഉയര്‍ച്ചയിലെത്തിയ ആയിരക്കണക്കിന് പേര്‍ വെറെയും. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ഈ ലോകത്ത് ജീവിക്കുന്നതിന് കടപ്പാട്,” കുറിപ്പില്‍ പറയുന്നു.


റഹ്മാന്റെ 55ാം പിറന്നാളാണ് ജനുവരി ആറിന് ആരാധകര്‍ ആഘോഷിക്കുകയാണ്.

റഹ്മാന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 1995ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ബോംബെയിലെ ഒരു ഗാനത്തിന് കോറസ് പാടിക്കൊണ്ടാണ് ശ്വേത മോഹന്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

പിന്നീട് ഇന്ദിര, മാരിയന്‍, എന്തിരന്‍, അംബികാപതി, കാവിയ തലൈവന്‍, മെര്‍സല്‍, ചെക്ക ചിവന്ത വാനം തുടങ്ങിയ ചിത്രങ്ങളിലും റഹ്മാന്റെ സംഗീതം ചെയ്ത ഗാനങ്ങള്‍ ശ്വേത പാടിയിട്ടുണ്ട്.

അതേസമയം 1992ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധക്ക് ശേഷം എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന മലയാളചിത്രം റിലീസിനൊരുങ്ങുകയാണ്. ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞിന് വേണ്ടിയാണ് 30 വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ റഹ്മാന്‍ സംഗീതം ചെയ്യുന്നത്.

സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്റെ തിരക്കഥ ഒരുക്കിയത് മഹേഷ് നാരായണനാണ്.

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ആറാട്ട് ചിത്രത്തില്‍ റഹ്മാന്‍ പാടി അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Singer Sweta Mohan wishes AR Rahman on his birthday