Entertainment news
യേശുദാസ് സാറിനെ പോലെ 83 വയസ് വരെ സിനിമയില്‍ പാടാന്‍ കഴിയില്ല, ആ ഉത്തമ ബോധ്യം എനിക്കുണ്ട്: സുദീപ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 11, 05:49 pm
Sunday, 11th December 2022, 11:19 pm

പിന്നണി ഗായകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗായകനാണ് സുദീപ് കുമാര്‍. നിരവധി ഭാഷകളിലായി ഏകദേശം 5000ല്‍ അധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ വ്യക്തിയാണ് സുദീപ്. പ്രായം കൂടുന്നതില്‍ തനിക്ക് പേടിയുണ്ടെന്ന് പറയുകയാണ് സുദീപ്.

83ാമത്തെ വയസിലും യേശുദാസ് പാടുന്ന പോലെ ശബ്ദം നിലനിര്‍ത്താന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബ്ദം നിലനിര്‍ത്താന്‍ യേശുദാസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും സുദീപ് സംസാരിച്ചു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് പ്രായം തോന്നാത്തതിന്റെ രഹസ്യം ഡൈയാണ്. നമ്മുടെ ചെറുപ്പത്തിനെയാണ് എല്ലാവരും ഇമിറ്റേറ്റ് ചെയ്യാന്‍ നോക്കുന്നത്. കോസ്മറ്റിക്‌സൊക്കെ ഉള്ളത് കൊണ്ടാണ് ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുന്നത്. വീട്ടില്‍വെച്ചൊക്കെ കാണുകയാണെങ്കില്‍ ആ കാര്യം മനസിലാകും.

പ്രായം കൂടുന്നതില്‍ സങ്കടം തോന്നാത്തവരായി ആരും ഉണ്ടാവില്ല. ഇനി കുറച്ച് കാലം കൂടിയെ ജീവിക്കുകയുള്ളുവെന്ന ചിന്ത എല്ലാവരുടെയും ഉള്ളില്‍ ഉണ്ടാകും. യേശുദാസ് സാറിനെ പോലെ 83 വയസ് വരെ സിനിമയില്‍ പാടാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.

കാരണം അപ്പോഴൊക്കെ സിനിമയില്‍ പാട്ടുകളൊക്കെ ഉണ്ടാകുമോയെന്ന് എനിക്ക് അറിയില്ല. പിന്നെ 83 വയസുവരെ ഞാന്‍ ജീവിച്ചിരിക്കണമെന്നില്ലല്ലോ. അത്രയും കാലം നമ്മുടെ ശബ്ദം നിലനിര്‍ത്തുക എന്ന് പറയുന്നതും സാധ്യമല്ല.

അദ്ദേഹത്തെപ്പോലെ വര്‍ഷങ്ങളോളം സാധകം ചെയ്യുകയും ജീവിതചര്യ അങ്ങനെ കൊണ്ടുപോവുകയും ഭക്ഷണം ക്രമീകരിച്ച ഒരു പാട്ടുകാരന് മാത്രമെ അത്രയും കാലം ശബ്ദം നിലനിര്‍ത്തി കൊണ്ടു പോവാന്‍ പറ്റുകയുള്ളു. പിന്നെ ഓരോരുത്തരുടെ ഭാഗ്യം പോലെയാണ് അവരുടെ ശബ്ദം നിലനില്‍ക്കുക. അതല്ലാതെ പ്രായത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല,” സുദീപ് കുമാര്‍ പറഞ്ഞു.

content highlight: singer sudeep kumar about yesudas