മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുതിയ നടന്മാരെ ഒതുക്കാന്‍ വേണ്ടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്: വിചിത്രവാദവുമായി സുചിത്ര
Entertainment
മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുതിയ നടന്മാരെ ഒതുക്കാന്‍ വേണ്ടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്: വിചിത്രവാദവുമായി സുചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 3:41 pm

തമിഴ് ഗായിക സുചിത്രയുടെ പുതിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ലഹരി പാര്‍ട്ടി നടത്തി ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു എന്ന ചെറിയൊരു ഭാഗം വലതുപക്ഷ സോഷ്യല്‍ മീഡിയ പേജുകള്‍ വലിയ രീതിയില്‍ ആഘോഷമാക്കി. എന്നാല്‍ ഇതേ അഭിമുഖത്തില്‍ വിശ്വാസരഹിതവും യുക്തിക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും സുചിത്ര പറയുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് കേരള പൊലീസിന്റെ തോല്‍വിയാണെന്നും, മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുതിയ നടന്മാരെ ഒതുക്കാന്‍ വേണ്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും സുചിത്ര പറഞ്ഞു. ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ തുടങ്ങിയ നടന്മാരുടെ വളര്‍ച്ചയില്‍ അസൂയ വന്നിട്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ചതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

റോഷാക്കില്‍ പോലും പ്രായത്തിന്റെ കഷ്ടത മറയ്ക്കാന്‍ മമ്മൂട്ടി പാടുപെട്ടുവെന്നും ദുല്‍ഖറിനെ കൂടി ഒതുക്കാന്‍ വേണ്ടി മമ്മൂട്ടി കളിച്ച കളിയാണെന്നും സുചിത്ര പറഞ്ഞു. ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ലഹരി പാര്‍ട്ടി നടത്തി ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചുവെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. നടിക്ക് നേരെ നടന്ന അക്രമണത്തെപ്പറ്റി ആ നടിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സുചിത്ര ആരോപിച്ചു. എസ്.എസ് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിപ്ലവമല്ല, കേരള പൊലീസ് വെറും തോല്‍വിയാണെന്ന് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവര്‍ക്കും മനസിലായി. ഇത് വിപ്ലവമൊന്നുമല്ല, പുതിയ നടന്മാരുടെ വളര്‍ച്ചയില്‍ അസൂയ വന്ന മമ്മൂട്ടിയും മോഹന്‍ലാലും അവരെ ഒതുക്കാന്‍ വേണ്ടി കളിച്ച കളിയാണ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് മലയാളത്തിന് പുറത്തുകിട്ടുന്ന പ്രശസ്തിയില്‍ അവര്‍ക്ക് അസൂയ വന്നു. അതിനുള്ള കളിയില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും ഇരയായി.

റോഷാക് എന്ന സിനിമയില്‍ പ്രായത്തിന്റ കഷ്ടതകള്‍ എല്ലാം മമ്മൂട്ടിയില്‍ കാണാന്‍ പറ്റും. പ്രായമായി കഴിഞ്ഞാല്‍ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നാണ് എനിക്ക് തോന്നിയത്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞ ലഹരിമരുന്നിന്റെ ഉപയോഗം ശരിക്ക് നടക്കുന്നതാണ്. ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ലഹരി പാര്‍ട്ടി നടത്താറുണ്ട്. ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം അതുകാരണം നശിച്ചിട്ടുണ്ട്.

ഇതെല്ലാം നടക്കാന്‍ കാരണം നടിക്ക് നേരെയുണ്ടായ അക്രമണമാണെന്ന് പറയുന്നുണ്ട്. ആ നടിക്ക് തന്റെ നേരെ അറ്റാക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. അവരുടെ ഡ്രസിന്റെ കൈയെല്ലാം കീറി എന്ന് പറഞ്ഞല്ലോ. കൈ കീറുന്നതിന് മുമ്പ് വേറെ എന്തെല്ലാം ചെയ്തിട്ടുണ്ടാകും? ഏതോ നാല് പേര്‍ ചെയ്ത പ്രാങ്ക് കൈവിട്ടുപോയതാണ് ഇതിനെല്ലാം കാരണം. അല്ലാതെ ഈ റിപ്പോര്‍ട്ട് വലിയ കാര്യമൊന്നുമല്ല,’ സുചിത്ര പറഞ്ഞു.

എന്നാല്‍ സുചിത്രയുടെ ആരോപണങ്ങള്‍ വെറും അടിസ്ഥാനരഹിതമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. സുചിത്രക്കെതിരെ മാനനഷ്ടത്തിന് റിമ കേസ് കൊടുത്തിട്ടുണ്ട്.

Content Highlight: Singer Suchithra about Mammootty Mohanlal and Hema Committee report