തിരുവനന്തപുരം: കഴിഞ്ഞ 44 വർഷമായിട്ട് ചിത്ര പാടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അവർക്ക് ഒരു സാമൂഹ്യബോധവുമില്ല എന്നും പറയുന്നതാണ് ശരിക്കും അധിക്ഷേപം എന്ന് ഗായകൻ സൂരജ് സന്തോഷ്.
വായനയോ എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രക്കില്ലെന്നും ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് അവർക്ക് ഈ വിഷയത്തിലുള്ളതെന്നുമുള്ള ഗായകൻ വേണുഗോപാലിന്റെ പ്രസ്താവനയെ കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൂരജ് സന്തോഷ്.
‘ജി. വേണുഗോപാലിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പക്ഷേ ഇത് നിഷ്‌ക്കളങ്കതയുടെ പുറത്താണ് പറയുന്നതെന്നും എല്ലാം നിഷ്‌ക്കളങ്കമാണെന്നും നമ്മൾ ധരിക്കേണ്ടതില്ല. അത് അങ്ങനെ അല്ല താനും. മാത്രമല്ല. ശരിക്കും അധിക്ഷേപം എന്ന് പറയുന്നത് കഴിഞ്ഞ 44 വർഷമായിട്ട് ചിത്ര പാടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അവർക്ക് ഒരു സാമൂഹ്യബോധവുമില്ല എന്ന് പറയുന്നതാണ്. അതാണ് അധിക്ഷേപം അല്ലാതെ ഈ വിമർശനങ്ങളല്ല,’ സൂരജ് പറഞ്ഞു.
എല്ലാവരും വീടുകളിൽ വിളക്ക് കൊളുത്തണമെന്ന് പറയുന്നത് ജനാധിപത്യപരമല്ലെന്നും അത് സഭ്യമായ ഭാഷയിൽ വിമര്ശിക്കപ്പെടേണ്ടത് തന്നെയാണെന്നും സൂരജ് പറഞ്ഞു.
‘രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഏത് പ്രസ്താവനയും പൊളിറ്റിക്കൽ കമന്റാണ്. കെ.എസ്. ചിത്രയെപ്പോലൊരാൾ അങ്ങനെയൊരു പൊളിറ്റിക്കൽ കമന്റ് പറയുമ്പോൾ അതിനെയാണ് ആളുകൾ വിമർശിക്കുന്നത്. അതുപോലെ തന്നെ എല്ലാവരും വീടുകളിൽ വിളക്ക് കൊളുത്തണമെന്നൊക്കെ പറയുന്നത് ജനാധിപത്യപരമാണെന്ന് എനിക്ക് തോന്നുന്നില്ല. അത് വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. സഭ്യമായ ഭാഷയിൽ തന്നെ വിമർശിക്കപ്പെടേണ്ടതാണ്. അതിൽ ഒരു തെറ്റും കാണുന്നില്ല. മറിച്ച് സഭ്യമല്ലാത്ത ഭാഷയിലുള്ള വിമർശനങ്ങളെ നമ്മൾ തള്ളിക്കളയുകയും വേണം,’ ഗായകൻ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഗായിക കെ.എസ്. ചിത്രയുടെ വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂർവം ചിത്ര മറക്കുന്നുവെന്ന സൂരജിന്റെ വിമർശനത്തിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണവും അധിക്ഷേപവും നേരിടുകയാണ് സൂരജ്.
Content Highlight: Singer Sooraj Krishnan says claiming Chithra has no political consciousness and only did singing for 44 years is the real slander