ഇന്‍ഡസ്ട്രിയില്‍ വിവേചനം ഉള്ളത് കൊണ്ടാണ് ആളുകള്‍ പറയുന്നത്, പൊളിറ്റിക്കല്‍ കറകറ്റ്‌നെസ് പ്രധാനപ്പെട്ടതാണ്: സിത്താര കൃഷ്ണകുമാര്‍
Film News
ഇന്‍ഡസ്ട്രിയില്‍ വിവേചനം ഉള്ളത് കൊണ്ടാണ് ആളുകള്‍ പറയുന്നത്, പൊളിറ്റിക്കല്‍ കറകറ്റ്‌നെസ് പ്രധാനപ്പെട്ടതാണ്: സിത്താര കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th May 2022, 4:36 pm

സിനിമാരംഗത്തെ വിവേചനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍. വിവേചനം ഉണ്ടായിട്ടില്ലെങ്കില്‍ ആളുകള്‍ അത് പറയില്ലെന്നും തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നതിന് അര്‍ത്ഥം വിവേചനം ഇല്ല എന്നല്ലെന്നും സിത്താര പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിത്താരയുടെ പരാമര്‍ശം.

‘സിനിമാ ഗാനരംഗത്ത് വിവേചനം ഇല്ലെങ്കില്‍ ആളുകള്‍ അത് പറയില്ലല്ലോ. സയനോരയെ പോലെ ക്വാളിറ്റിയുള്ള മിടുക്കിയായ ഒരാള്‍ ശരീര പ്രകൃതം കൊണ്ടും നിറം കൊണ്ടും വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അതൊരു വസ്തുതയായിരിക്കും. എനിക്ക് അങ്ങനെ പേഴ്‌സണലായിട്ട് ഒരു പ്രശ്‌നം ഉണ്ടായിട്ടില്ല എന്നതുകൊണ്ട് അത് നടക്കുന്നില്ല എന്ന് പറയാന്‍ പറ്റില്ല.

ഇത്തരം ചര്‍ച്ചകളൊക്കെ കാലങ്ങള്‍ കൊണ്ട് നടക്കേണ്ടതാണ്. ഒരു പരിധി വരെ മാറിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജെന്റര്‍ ഡിസ്‌ക്രിമിനേഷന്‍ പേഴ്‌സണലി ഞാന്‍ അനുഭവിച്ചിട്ടില്ല. അതുകൊണ്ട് അത് ഒരു ഫാക്ട് അല്ലാതിരിക്കുന്നില്ല. ഒരു പക്ഷേ എന്റെ കുടുംബത്തിന്റെ കംഫര്‍ട്ടില്‍ ഇരിക്കുന്നത് കൊണ്ടായിരിക്കും എന്നെ് അത് ബാധിക്കാത്തത്,’ സിത്താര പറഞ്ഞു.

‘ഇതിന്റെ മറ്റൊരു വശം കഴിഞ്ഞ ദിവസം ജോത്സനയോട് സംസാരിച്ചപ്പോള്‍ പറയുന്നുണ്ടായിരുന്നു. ജോത്സ്‌ന വലിയ ഒരു ആളാണ്. കാണുമ്പോള്‍ ആളുകള്‍ ഭയത്തോടെയാണ് സംസാരിക്കുന്നത്. ആരോടും സംസാരിക്കാത്ത ജാഡയുള്ള ആളാണെന്ന് വിചാരിക്കും.

ഒരു വ്യക്തിയുടെ ശരീരപ്രകൃതി, അയാളുടെ നിറം, അയാളുടെ ബാക്ക്ഗ്രൗണ്ട് എന്നിവയൊക്കെ വെച്ചുള്ള ജഡ്ജ്‌മെന്റ് നടക്കുന്നത് സര്‍വസാധാരണമാണ്. അത് ശരിയല്ല എന്നുള്ളത് നമുക്കൊക്കെ അറിയാം. കുറെ കാലങ്ങളായുള്ള എന്തെക്കെയോ ശീലങ്ങളുണ്ട്. അറിയാതെ നമ്മള്‍ ചെയ്യുകയാണ്. ഭാഗ്യവശാല്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്ന കാലത്തിലേക്ക് നമ്മള്‍ എത്തി. പൊളിറ്റിക്കല്‍ കറകറ്റ്‌നെസ് എന്നൊക്കെ പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.

അതിന് മനപ്പൂര്‍വമായ പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. കുറച്ച് കഴിയുമ്പോള്‍ ആളുകള്‍ക്ക് അത് ശീലമാവുമായിരിക്കും. സൂക്ഷിച്ചാണ് ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത്. ആ സൂക്ഷിക്കലും ഒഴിവാകണം. ഇത്തരം ജഡ്ജ്‌മെന്റുകള്‍ പാടില്ല എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. എനിക്ക് അത്തരം അനുഭവങ്ങളില്ല. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ പറയുന്നത് പൂര്‍ണമായി അതിന്റെ ഗൗരവത്തോടെ മനസിലാക്കി, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെ എതിര്‍ത്ത് പറയാന്‍ തയാറാവുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍,’ സിത്താര കൂട്ടിച്ചേര്‍ത്തു.

Content Highlight: Singer Sithara Krishnakumar says that discrimination in cinema is a reality