നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാല്‍ ആ നിമിഷം ശത്രുത! ഇതെന്തുപാട്; വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി സിത്താര
കോഴിക്കോട്: അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായിക സിത്താര ഇന്നലെയാണ് രംഗത്ത് വന്നത്. താലിബാനെ പിന്തുണയ്ക്കുന്നവര്‍ ദയവായി അണ്‍ഫ്രണ്ട് അല്ലെങ്കില്‍ അണ്‍ഫോളോ ചെയ്ത് പോകണം എന്ന ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു സിത്താര.
ഇതിന് കീഴെ വന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സിത്താരയിപ്പോള്‍. വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം, അക്കാര്യത്തില്‍ എന്തൊരു ഒത്തൊരുമ എന്നാണ് സിത്താര ഫേസ്ബുക്കില്‍ കുറിച്ചത്.
താന്‍ തന്റെ മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂവെന്നും നിലപാടുകള്‍ വ്യക്തമാക്കുമ്പോള്‍ രാജ്യവും നിറവും ജാതിയും മതവും പക്ഷവും ഒന്നും നോക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇഷ്ടമുള്ളത് പറഞ്ഞാല്‍ സ്വന്തമാണെന്നും ഇഷ്ടമില്ലാത്തതുപറഞ്ഞാല്‍ ആ നിമിഷം ശത്രുവാണെന്നുമുള്ള മനോഭാവമാണ് ഇത്തരക്കാര്‍ക്കുള്ളതെന്നും താരം പറയുന്നു.
കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂവെന്നും സിത്താര പറയുന്നു.
ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.
അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ്ങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും എന്ന ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റാണ് സിത്താര ഷെയര്‍ ചെയ്തത്.