| Tuesday, 20th July 2021, 1:09 pm

'നല്ല പെണ്‍കുട്ടിത്തരവും' നിഷ്‌കളങ്കതയുമൊന്നുമല്ല ആ നേര്‍ത്ത ശബ്ദത്തിന് പിന്നില്‍; പഴയ വീഡിയോക്ക് വന്ന കമന്റുകളില്‍ വിമര്‍ശനവുമായി സിത്താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പത്തിലെ തന്റെ ശബ്ദത്തെ അഭിനന്ദിക്കുന്ന പ്രതികരണങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ചില അഭിപ്രായങ്ങളില്‍ എതിര്‍പ്പുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍. താന്‍ ‘നല്ല പെണ്‍കുട്ടി’യായിരുന്നതു കൊണ്ടാണ് മുന്‍കാലത്ത് നേര്‍ത്ത ശബ്ദമുണ്ടായിരുന്നതെന്ന അഭിപ്രായങ്ങളോടാണ് സിത്താര പ്രതികരിച്ചത്.

ഇന്‍സ്റ്റഗ്രാമിലായിരുന്നു സിത്താര വിമര്‍ശനക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ചെറുപ്പത്തിലെ തന്നെ ഇന്നും ആളുകള്‍ ഓര്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇതിലെ ചില കമന്റുകള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സിത്താര പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയില്‍ സിത്താര വന്ന ഒരു പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം ചാനല്‍ വീണ്ടും ഷെയര്‍ ചെയ്തിരുന്നു. ഇതിന് വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സിത്താര പങ്കുവെച്ചിട്ടുണ്ട്. ഇതിലെ ‘നിഷ്‌കളങ്കത’ എന്ന വാക്കിന് അടിവരയിട്ടുകൊണ്ടാണ് സ്‌ക്രീന്‍ ഷോട്ട്.

‘കാലമിങ്ങനെ ശരിക്കും പറന്നുപോകുകയാണ്. എനിക്ക് 19 വയസ്സുള്ളപ്പോഴത്തെ വീഡിയോ ആണത്. ചെറുപ്പത്തിലെ എന്നെ ആളുകള്‍ ഓര്‍ക്കുന്നതും അഭിനന്ദിക്കുന്നതും സന്തോഷം തന്നെയാണ്. അതില്‍ നന്ദിയുമുണ്ട്.

പക്ഷെ, ഇതിലെ ചില കമന്റുകള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എന്റെ ശബ്ദത്തിന്റെ ടോണിനെ നിഷ്‌കളങ്കതയോടും ഉള്ളിലെ നന്മയുമായോടുമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.


അതുകൊണ്ട് ചെറുപ്പക്കാരായ സംഗീത വിദ്യാര്‍ത്ഥികളോട് വോയ്‌സ് കള്‍ച്ചറിനെയും വോക്കല്‍ ട്രെയ്‌നിംഗിനെയും കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.

വീഡിയോയില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്ന ആ ശബ്ദത്തിന് എന്റെ നിഷ്‌കളങ്കതയോ സംസ്‌കാരമോ ‘നല്ല പെണ്‍കുട്ടിത്തരമോ’ ആയി ഒരു ബന്ധവുമില്ല.

വര്‍ഷങ്ങളോളം അശാസ്ത്രീയമായി ശബ്ദ പരിശീലനം നടത്തിയതിന്റെയും മത്സരങ്ങള്‍ക്ക് വേണ്ടി മറ്റു ഗായകരുടെ പാട്ടുകള്‍ നിരന്തരം പാടിപ്പഠിച്ചതിന്റെയും ഭാഗമായാണ് ആ നേര്‍ത്ത ശബ്ദമുണ്ടായത്.

എനിക്ക് അന്നും പാടാന്‍ പറ്റുമായിരുന്നു, പക്ഷെ അത് ശരീരവും മനസുമൊന്നും അറിഞ്ഞും നിറഞ്ഞും പാടുന്നതായിരുന്നില്ല, വെറും തൊണ്ടയുടെ പണി മാത്രമായിരുന്നു.

പിന്നീട് എന്റെ യഥാര്‍ത്ഥ ശബ്ദം കണ്ടെത്താന്‍ സഹായിച്ച അധ്യാപകരോടും വോയ്‌സ് ട്രെയ്‌നര്‍ ലിജോ കെ. ജോസിനോടും ഒരുപാട് നന്ദിയുണ്ട്.

ആ ശബ്ദം ആളുകള്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നുള്ളത് വേറെ കാര്യമാണ്. പക്ഷെ, ഞാന്‍ എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണ തൃപ്തയാണ്. എനിക്ക് നല്ല സമാധാനവുമുണ്ട്. അതുമാത്രമാണ് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നതെന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും,’ സിത്താര പറയുന്നു.

Content Highlight: Singer Sithara Krishnakumar about her old voice and people’s comments

We use cookies to give you the best possible experience. Learn more