Entertainment news
സിദ് ശ്രീറാം അഭിനയരംഗത്തേക്ക്, സംവിധാനം ചെയ്യുന്നത് മണിരത്‌നം ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 10, 08:12 am
Monday, 10th January 2022, 1:42 pm

ചെന്നൈ: സൗത്ത് ഇന്ത്യയില്‍ മൊത്തം ആരാധകരുള്ള ഗായകനാണ് സിദ് ശ്രീറാം. ആലപിച്ച ഗാനങ്ങളില്‍ മിക്കതും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയാണ്.

മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതത്തിലായിരുന്നു സിദ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ശങ്കറിന്റെ ഐ സിനിമയിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനമാണ് സിദിന്റെ കരിയറില്‍ വഴിത്തിരിവായത്.

ഇപ്പോഴിതാ അഭിനയത്തിലേക്കും സിദ് തിരിയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊന്നിയന്‍ സെല്‍വന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സിദ് ശ്രീറാം പ്രധാനവേഷത്തില്‍ എത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഒരു ഗായിക ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ജയമോഹനാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വഹിക്കുന്നത്.

എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയന്‍ സെല്‍വനിലാണ് മണിരത്‌നം ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്.

വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരജ് കുമാര്‍, ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, കാര്‍ത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കാകുമാമ തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സിനിമക്കായി വമ്പന്‍ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്.

ചിത്രത്തില്‍ ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രമാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Singer Sid Shriram to act in Mani Ratnam’s Movie