'എന്തായാലും നന്ദി, പാഠം പഠിച്ചു'; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍: വിവാദത്തിന് പിന്നാലെ മാപ്പപേക്ഷയുമായി എയര്‍ലൈന്‍സ്
India
'എന്തായാലും നന്ദി, പാഠം പഠിച്ചു'; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍: വിവാദത്തിന് പിന്നാലെ മാപ്പപേക്ഷയുമായി എയര്‍ലൈന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 11:27 am

ന്യൂദല്‍ഹി: സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്‍ശനം.

”സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരോ അല്ലെങ്കില്‍ സംഗീത ഉപകരണങ്ങള്‍ കൈവശമുള്ളവരോ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി.. പാഠം പഠിച്ചു”- എന്നായിരുന്നു ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ കുറിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി. ഹലോ ശ്രേയ, ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ചോദിച്ചറിയുന്നതാണ്”- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ ശ്രയയെ പിന്തുണച്ച് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ഏറ്റവും മികച്ച സര്‍വീസ് നല്‍കുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്നും ഖേദ പ്രകടനം നടത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഇത്തരം വിഷയങ്ങള്‍ ട്വിറ്ററിലൂടെ വിവാദമാക്കിയതിനേയും ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. വിഷമിക്കരുതെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് ശ്രയയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ഹിന്ദിയിലും ബംഗാളിയിലും മാത്രമല്ല മലയാളികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഗായികയാണ് ശ്രേയ. നിരവധി ഹിറ്റു ഗാനങ്ങളാണ് മലയാൡകള്‍ക്കായി ശ്രേയ സമ്മാനിച്ചത്.