99 ശതമാനം മുസ്‌ലീങ്ങളാണെന്ന് അറിഞ്ഞാല്‍ പല ചിന്തയും വരും; ലക്ഷദ്വീപിനെ പിന്തുണച്ച് ഷഹബാസ് അമന്‍
Kerala News
99 ശതമാനം മുസ്‌ലീങ്ങളാണെന്ന് അറിഞ്ഞാല്‍ പല ചിന്തയും വരും; ലക്ഷദ്വീപിനെ പിന്തുണച്ച് ഷഹബാസ് അമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 1:57 pm

കൊച്ചി: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായകന്‍ ഷഹബാസ് അമന്‍. എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷഹബാസിന്റെ പ്രതികരണം.

‘ദ്വീപില്‍ 99 ശതമാനം മുസ്‌ലീങ്ങളാണെന്ന് അറിഞ്ഞാല്‍ ഇത്തരം ദുഷ്ട ആലോചനകള്‍ പിറകെ വരും. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍ എത്ര ശാന്തരാണെങ്കിലും നാളെ അവര്‍ക്കും ശത്രുക്കള്‍ക്കെതിരെ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വരും’, ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി പേരാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, സിത്താര കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്! പ്രിയ പൃഥ്വിരാജും ഗീതു മോഹന്‍ ദാസും മറ്റനേകം പേരും വ്യക്തി തലത്തില്‍ത്തന്നെ ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വന്നത് വളരെ വലിയൊരു കാര്യമാണു! ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍, ഈ പ്രതിസന്ധി ഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ തക്കവിധം ആരും അവരെ സഹായിച്ചില്ലെങ്കില്‍, ഒരു പക്ഷേ എത്ര ശാന്തരാണെങ്കിലും നാളെമറ്റന്നാള്‍ അവര്‍ക്കും ശത്രുക്കള്‍ക്കെതിരില്‍ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാം! അപ്പോള്‍ തുല്യദുഖിതരായ ആരെങ്കിലും (അനുഭവിച്ചനുഭവിച്ച് ക്ഷമയുടെ നെല്ലിപ്പടി കണ്ട അക്കൂട്ടരെല്ലാം ഇന്ന് തീവ്ര വാദികള്‍ എന്നാണറിയപ്പെടുന്നത്) അവരെ അതില്‍ സഹായിച്ചെന്നുമിരിക്കും! അന്ന് ‘നിസ്പക്ഷരായി’ പുറത്ത് നിന്ന് കൊണ്ട് ദ്വീപിലേക്ക് നോക്കി കളിയാക്കി വിളിച്ച്പറയരുത് ‘ചാന്തരുടെ തനിക്കൊണം കണ്ടേ’ എന്ന്!

എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന ‘സേവ് ലക്ഷദ്വീപ്’ എന്ന ഒരു ഹാഷ് ടാഗ് മതിയാകുമായിരിക്കാം ഒരുപക്ഷേ ഇന്ന് അവരെ രക്ഷിക്കാന്‍! അറിയില്ല! നാളത്തെക്കാര്യം തീരെ ഉറപ്പില്ല! കാരണം ഇത് വല്യ കച്ചവടമാണു! ബിഗ് ഡീലാണു! ഒറ്റ നോട്ടത്തില്‍ ‘സുഖലോലുപത’ എന്ന ആരും കൊതിക്കുന്ന പ്ലാനാണു പശ്ചാത്തലത്തില്‍! എന്തിനെതിര്‍ക്കണം എന്ന് ഒരു നിമിഷം ആരും ചിന്തിച്ച് പോകും! ശരിയല്ലേ? വൈന്‍ പോലും കിട്ടാതെ മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപെന്ന്! പ്രദേശത്ത് 99 ശതമാനവും മുസ്ലിംകളാണെന്ന് കൂടി അറിയുകയാല്‍ സ്വാഭാവികമായും വേറെയുമുണ്ടാകാം ചില ദുഷ്ട ആലോചനകള്‍! വെറുതെ ഇവിടെ ഊഹിക്കുന്നില്ല! അങ്ങനെ ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയാണു സയണിസ്റ്റുകളുടെയും ഫാഷിസ്റ്റുകളുടെയുമൊക്കെ എക്കാലത്തെയും കറകളഞ്ഞ ഇന്‍വസ്റ്റ്‌മെന്റും ഇന്ധനവും എന്നറിയാമല്ലൊ!

നോക്കൂ! ലോകമുതലാളിത്വവും (വിരലിലെണ്ണാവുന്നവര്‍) അവരുടെ രാഷ്ട്രീയ ഇടനിലക്കാരുമാണു ഒരു വശത്ത്! സുഖ വിഹിതം പറ്റാന്‍ വേറെ ആരൊക്കെയുണ്ടാകും ചുറ്റിനും എന്നൂഹിക്കുവാന്‍ പോലും കഴിയില്ല! ഇതിനോടൊക്കെ വേണം ഒരു പാവം ജനതക്ക് പിടിച്ച് നില്‍ക്കാന്‍! എളുപ്പമല്ല. ഹൃദയമുള്ള മനുഷ്യരുടെ വിഭാഗീയതയില്ലാത്ത പിന്തുണകൊണ്ട് മാത്രമേ അവര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുന്നുണ്ടാവുകയുള്ളു! തല്‍സ്ഥാനത്ത് നാളെ ആരുമാവാം!

പ്രിയരേ..ഓരോ ജനതയും അവരവരായിരിക്കട്ടെ! സമാധാനവും സന്തോഷവും എല്ലാവരും അര്‍ഹിക്കുന്നു! പരസ്പരം സ്നേഹിക്കാം നമുക്ക്.പരസ്പരം വെറുക്കാതിരിക്കാം! ആരെയും നശിപ്പിക്കാതിരിക്കാം! അല്‍പ്പം കൂടി കരുണയുള്ളവരായിരിക്കാം. സമയം വല്ലാതെ വൈകിയിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Singer Shahabas Aman Supports Lakshadweep Save The Campaign