ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ പ്രശസ്ത ഗായിക ഷേഡന്‍ ഗര്‍ദൂദ് കൊല്ലപ്പെട്ടു. ഒംദുര്‍മാന്‍ സിറ്റിയില്‍ സുഡാനി ആര്‍മിയും പാരാമിലിറ്ററി റാപിഡ് സപ്പോര്‍ട്ട് ഫോര്‍സസും തമ്മിലുള്ള വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിരമായി ആക്രമണം നടക്കുന്ന നാഷണല്‍ ടി.വി, റേഡിയോ കെട്ടിടത്തിന് സമീപമുള്ള എല്‍- ഹഷാബ് പരിസരത്താണ് ഗര്‍ദൂദ് താമസിച്ചുകൊണ്ടിരുന്നതെന്ന് വാര്‍ത്താ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ പ്രദേശത്ത് സമാധാനവും സുരക്ഷയും കൊണ്ടുവരാന്‍ ശ്രമിക്കുകയും അവരുടെ സമുദായത്തിന്റെ സംസ്‌കാരങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളായിരുന്നു ഗര്‍ദൂദ് എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗര്‍ദൂദിന്റെ കുടുംബാംഗമാണ് കഴിഞ്ഞ ദിവസം മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തി. പാട്ടിലൂടെ സമാധാനത്തിനും നീതിക്കും വേണ്ടി പോരാടിയ യുവ പ്രതിഭയാണ് മരണപ്പെട്ടതെന്ന് ഗര്‍ദൂമിന്റെ ചിത്രത്തോട് കൂടി പലരും പങ്കുവെച്ചിട്ടുണ്ട്.
മരണത്തിന് മുമ്പ് വരെ ഗര്‍ദൂദ് ഫേസ്ബുക്കില്‍ സജീവമായിരുന്നു. തന്റെ ഗാനങ്ങളിലൂടെ സുഡാനിലെ പ്രശ്‌നങ്ങളെ അവര്‍ പ്രതിഫലിപ്പിച്ചിരുന്നു. ‘ഞങ്ങള്‍ 25 ദിവസമായി വീട്ടില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. ഞങ്ങള്‍ക്ക് വിശക്കുന്നുണ്ട്, ഭയത്തോട് കൂടിയാണ് ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നത്,’ എന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഗര്‍ദൂം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇത് വരെ 600 പേരാണ് സുഡാന്‍ കലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്.
സുഡാനിലെ ആഭ്യന്തര കലാപത്തില്‍ കണ്ണൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടിരുന്നു.
content highlight: Singer Shaden Gardud killed in Sudan; 600 deaths are reported so far