സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ഡാന്‍സ് വീഡിയോയ്ക്കും അതിന് പിന്നാലെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കും ലഭിച്ച നെഗറ്റീവ് കമന്റുകളില്‍ പ്രതികരണവുമായി ഗായിക സയനോര ഫിലിപ്പ്.
ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നും വനിത ഓണ്‍ലൈന് വേണ്ടി നകുല്‍ വി.ജി നടത്തിയ അഭിമുഖത്തില്‍ സയനോര പറഞ്ഞു.
അത്തരം കമന്റുകള്‍ കേട്ടതില്‍ ഒരു വിഷമവും ഇല്ലെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് താന്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് അതെന്നും സയനോര പറയുന്നു.
”ഞാന്‍ വീട്ടില്‍ ഉപയോഗിക്കുന്ന തരം വസ്ത്രമാണത്. അതിപ്പോള്‍ ആളുകള്‍ കണ്ടു, എന്റെ കാല് കണ്ടു എന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. എന്റെ കാലുകള്‍ ഒരാള്‍ കണ്ടതു കൊണ്ട് എന്താണ് കുഴപ്പം എന്നാണ് ഞാന്‍ ചോദിക്കുന്നത്.
ഞാന്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്‌സാണ്. ഞാന്‍ എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കുക. ആരെ പേടിക്കാനാണ്. ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എന്നെ വ്യക്തിപരമായി വളരെ അടുത്തറിയാവുന്നവരും വിമര്‍ശനവുമായി എത്തി എന്നതാണ് വലിയ തമാശ.
‘ഒരു അമ്മയാണ് നീ…ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം. എനിക്ക് കുറേപ്പേര്‍ പേഴ്‌സണല്‍ മെസേജായും ഈ ഉപദേശം തന്നു. അതെന്താണ് അമ്മമാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തത് ? എന്തുകൊണ്ട് ? അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ? ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാള്‍ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്.
നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്തു സംസാരിക്കും എന്നോര്‍ത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാന്‍ ഇനി എനിക്കു പറ്റില്ല. എനിക്കും നേരത്തെ സ്ലീവ് ലസ്സ് ഒക്കെയിടാന്‍ പേടിയായിരുന്നു. അയ്യേ…ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്റെ കൈ നല്ല തടിച്ചിട്ടല്ലേ…എന്നൊക്കെ. ഞാന്‍ ആ ചിന്തകളില്‍ നിന്നു പതിയെപ്പതിയെ പുറത്തു വന്നു,” സയനോര പറഞ്ഞു.
ഇന്നലെ താന്‍ പോസ്റ്റു ചെയ്ത ചിത്രം ഇത്തരം വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നും സയനോര കൂട്ടിച്ചേര്‍ത്തു. ”നിങ്ങള്‍ എങ്ങനെ വേണമെങ്കിലും എന്നെ വിധിച്ചോ, എനിക്ക് യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ എങ്ങനെ വേണമെങ്കിലും എന്നെക്കുറിച്ച് ചിന്തിച്ചോ, എനിക്ക് യാതൊരു കുഴപ്പവുമില്ല,” സയനോര പറഞ്ഞു.
അതേസമയം കുറേയേറെ ആളുകള്‍ തന്നെ പിന്തുണച്ച് പോസ്റ്റുകളും കമന്റുകളുമിട്ടു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഇതൊക്കെ മനസ്സിലാക്കുന്ന ഒരു വിഭാഗം ഉണ്ടെന്നത് വലിയ സന്തോഷമാണെന്നും താരം പറഞ്ഞു.
ഞാന്‍ എന്റെ ശരീരത്തെ ഇപ്പോഴാണ് സ്‌നേഹിക്കാന്‍ തുടങ്ങിയത്. അതൊരു വലിയ സത്യമാണ്. ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെ അളവുകോലുകളില്ലാതെ വളരെ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ പറ്റുക എന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാനതാണ് ഇപ്പോള്‍ ചെയ്യുന്നത്.
നമ്മള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് എന്തു പഠിക്കുന്നു എന്നതാണ് പ്രധാനം. സ്വയം തിരുത്താന്‍ ശ്രമിക്കുക. മാതൃത്വത്തില്‍ മാത്രം ഞാന്‍ എന്നെ ഒതുക്കി നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ എന്റെ മോളോട് ഞാന്‍ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. വീഡിയോയുടെ അടിയില്‍ കമന്റുകള്‍ വന്നതൊക്കെ ഞാന്‍ മോളോട് പറഞ്ഞു. ‘മമ്മയ്ക്ക് തടിയുള്ളതു കൊണ്ട് ഷോര്‍ട്‌സ് ഇട്ട് ഡാന്‍സ് കളിച്ചതിന് ആള്‍ക്കാന്‍ എന്തൊക്കെയോ പറഞ്ഞു’ എന്നു പറഞ്ഞു. ‘ഹൗ റൂഡ്’ എന്നായിരുന്നു മോളുടെ പ്രതികരണം. ‘മമ്മ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പോകുന്നുണ്ട് കേട്ടോ’ എന്നു പറഞ്ഞപ്പോള്‍ അവളും സപ്പോര്‍ട്ട് ചെയ്തു.
വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുന്നവരാണ് പലരുമെന്നും ഇപ്പോള്‍ പലരും പ്രകടിപ്പിക്കുന്ന, പറയുന്ന പുരോഗമനം ഒരു മൂടുപടം മാത്രമാണെന്നും സയനോര പറഞ്ഞു.
Content Highlight: Singer Sayanora Philp Opens Up about Body Shaming