കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള നടി സമൂഹത്തില്‍ മാറ്റം വന്നേ തീരുവെന്നു പല തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ സിനിമാമേഖലയിലും മറ്റു കലാരംഗത്തും കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് സയനോര. സിനിമയിലായാലും കലാരംഗത്തായാലും സ്റ്റീരിയോടൈപ്പ് ആളുകള്‍ക്കാണ് അവസരം ലഭിക്കുക. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്ന് സയനോര ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഈ രീതിക്ക് മാറ്റം വരുത്തണമെന്നും ഇതിനെല്ലാം ആദ്യം വേണ്ടത് സ്വന്തം കഴിവുകളിലുള്ള കറതീര്‍ന്ന ആത്മവിശ്വാസമാണെന്നും സയനോര കൂട്ടിച്ചേര്‍ത്തു. നേരത്തെ ചെറുപ്പം മുതല്‍ നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും അതുണ്ടാക്കിയ വേദനകളെ പിന്നീട് അതിനെ മറികടന്നതിനെ കുറിച്ചും സയനോര പല അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
തനിക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു ആദ്യം തോന്നിയിരുന്നതെന്നും പിന്നീടാണ് പ്രശ്‌നം സമൂഹത്തിന്റെ നിലപാടിന്റേതാണെന്ന മനസ്സിലായതെന്നും സയനോര പറയുന്നു.
‘നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അതിലൊരു കുട്ടി അവരുടെ കൂടെ കളിക്കേണ്ടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘നീ കറുത്തതല്ലേ… നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു. ഞാന്‍ ആകെ ഷോക്ക് ആയിപോയി. വീട്ടില്‍ ചെന്ന് കുറെ കരഞ്ഞു,’ സയനോര പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഗ്രൂപ്പ് ഡാന്‍സിന് പങ്കെടുക്കാന്‍ ഡാന്‍സ് ടീച്ചര്‍ സെലക്ട് ചെയ്തിട്ടും സ്‌കൂളിലെ ഒരു അധ്യാപിക തനിക്ക് നിറമില്ലാത്തതു കൊണ്ടാണ് പേര് ഇടാഞ്ഞതെന്ന് പറഞ്ഞെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയെയല്ല, പകരം സമൂഹത്തിന്റെ കാഴ്ചപാടിന്റെ പ്രശ്നത്തെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും സയനോര പറഞ്ഞു.
‘സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സ് കളിക്കാന്‍ ഡാന്‍സ് ടീച്ചര്‍ എന്റെ പേര് സെലക്ട് ചെയ്തു. എന്നാല്‍ പിന്നീട് വന്ന ലിസ്റ്റില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് ചോദിക്കാന്‍ ഒരു ടീച്ചറുടെ അടുത്ത് പോയപ്പോള്‍ അവര്‍ പറഞ്ഞു, നോക്കൂ സയനോര, കുട്ടി എത്ര മേക്കപ്പ് ചെയ്താലും അവരെ പോലെ നിറമാവില്ല. അതുകൊണ്ട് സ്‌കൂളിന് പോയിന്റ് നഷ്ടമാവും എന്ന്. അപ്പോഴാണ് എന്തോ പ്രശ്നമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത്,’ സയനോര പറഞ്ഞു.
കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ആളുകളെ ബാധിക്കും.അതിനൊരുദാഹരണമാണ് താനെന്നും സയനോര പറഞ്ഞു. പക്ഷെ തന്റെ നിറമിതാണ് എന്ന് താന്‍ തിരിച്ചറിഞ്ഞത് മുതല്‍ ഹാപ്പിയാണെന്നും സയനോര പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Singer Sayanora Philip about discrimination against black skin colour in cinema