വരാഹ രൂപം പാടുന്നതിന് മുമ്പ് നവരസം കേട്ടിട്ടില്ല, രണ്ട് ട്രാക്കുകളുടെയും മൂഡ് വ്യത്യസ്തമാണ്; കോപ്പിയടി വിവാദത്തില്‍ സായ് വിഘ്‌നേഷ്
Film News
വരാഹ രൂപം പാടുന്നതിന് മുമ്പ് നവരസം കേട്ടിട്ടില്ല, രണ്ട് ട്രാക്കുകളുടെയും മൂഡ് വ്യത്യസ്തമാണ്; കോപ്പിയടി വിവാദത്തില്‍ സായ് വിഘ്‌നേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th October 2022, 5:46 pm

റിഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹ രൂപം പാട്ട് വിവാദമായിരിക്കെ സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ സായ് വിഘ്‌നേഷ്. വിവാദത്തിലായ പാട്ട് പാടിയത് സായ് വിഘ്‌നേഷായിരുന്നു. വരാഹ രൂപം പാടുന്നതിന് മുമ്പ് തൈക്കുടം ബ്രിഡ്ജിന്റെ നവരസ താന്‍ കേട്ടിട്ടില്ലെന്നും രണ്ട് പാട്ടിനും വ്യത്യസ്ത മൂഡാണുള്ളതെന്നാണ് തന്റെ അഭിപ്രായമെന്നും ദി ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ സായ് വിഘ്‌നേഷ് പറഞ്ഞു.

‘സംഗീതസംവിധായകനെയോ സിനിമയുടെ ടീമിനെയോ പ്രതിനിധീകരിച്ച് എനിക്ക് സംസാരിക്കാന്‍ കഴിയില്ല. ട്രാക്ക് റെക്കോഡ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ നവരസം കേട്ടിരുന്നില്ല. എന്റെ അഭിപ്രായത്തില്‍, രണ്ട് ട്രാക്കുകളുടെയും മൂഡ് വ്യത്യസ്തമാണ്.

നവരസം ഒമ്പത് ഭാവങ്ങളെയാണ് ചിത്രീകരിക്കുന്നത്. അതേസമയം വരാഹ രൂപം ഭൂത കോല സംസ്‌കാരത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അത് ദൈവികതയെക്കുറിച്ചാണ് സംസാരിക്കുന്നത്. വരാഹരൂപം നവരസത്തിന്റെ അതേ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല.

വരാഹ രൂപം പ്രധാനമായും തോടി, മുഖാരി, കനകാംഗി എന്നീ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കര്‍ണാടിക് സംഗീതത്തില്‍ ഒരു ഗായകന്‍ ഒരു രാഗത്തില്‍ നിന്നും അടുത്ത രാഗത്തിലേക്ക് കടക്കും മുമ്പേ രണ്ടോ നാലോ വരികളെങ്കിലും പാടാറുണ്ട്. എന്നാല്‍ ഇവിടെ, മിക്കവാറും ഓരോ വരിയും വ്യത്യസ്ത രാഗത്തിലാണ് പാടുന്നത്. വരാഹരൂപം ഫൈനലൈസ് ചെയ്യുന്നതിന് മുമ്പ് ഞാനും അജനീഷും( കാന്താരയുടെ സംഗീത സംവിധായകന്‍) വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിച്ചിരുന്നു. സായ് വിഘ്‌നേഷ് പറയുന്നു,’ സായ് വിഘ്‌നേഷ് പറഞ്ഞു.

കാന്താര ടീമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ പ്രതികരണം പുറത്ത് വിട്ടത്.

പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് കാന്താര നടത്തിയിരിക്കുന്നതെന്നും പ്രചോദനത്തിനും കോപ്പിയടിക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പറഞ്ഞ തൈക്കുടം ബ്രിഡ്ജ്, ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു.

കണ്ടന്റിലെ തങ്ങളുടെ അവകാശത്തെ കുറിച്ച് എവിടെയും ഒരു വാക്ക് പോലും പറയാതെ അവരുടെ സ്വന്തം പാട്ടെന്ന നിലയിലാണ് കാന്താരയുടെ ക്രിയേറ്റീവ് ടീം വരാഹ രൂപത്തെ അവതരിപ്പിക്കുന്നതെന്നും പോസ്റ്റിലുണ്ടായിരുന്നു.

Content Highlight: Singer Sai Vignesh reacts to the controversy surrounding the Varaharupam song in Kantara