മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അവര്‍ക്ക് പിന്തുണയുമായി ഗായിക രശ്മി സതീശ്. നഞ്ചിയമ്മക്കൊപ്പമുള്ള ചിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു രശ്മി സതീശിന്റെ പ്രതികരണം. ‘ഈ ചിരിയിലുണ്ട് അവരുടെ സംഗീതത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഴവും ശുദ്ധതയും, നഞ്ചമ്മ,’ എന്നാണ് നഞ്ചിയമ്മക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് രശ്മി എഴുതിയത്.
താന്‍ നഞ്ചിയമ്മക്കൊപ്പമാണെന്നും അവര്‍ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവര്‍ക്ക് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലെന്നുമായിരുന്നു വിഷയത്തില്‍ സംഗീത് സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫിന്റെ പ്രതികരണം.
നഞ്ചിയമ്മക്ക് പുരസ്‌കാരം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ച സംഗീതജ്ഞന്‍ ലിനുലാലിന്റെ വീഡിയോക്ക് കമന്റായിട്ടായിരുന്നു അല്‍ഫോണ്‍സ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ നഞ്ചിയമ്മയോടാപ്പമാണ്. നാഷണല്‍ അവാര്‍ഡ് ജൂറിയുടെ ഈ പ്രവര്‍ത്തിയില്‍ ഞാനവരെ പിന്തുണയ്ക്കുകയാണ്. കാരണം സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കില്‍ ഞാന്‍ പഠിക്കാന്‍ തയ്യാറല്ല.
വര്‍ഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, മറിച്ച് നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതില്‍ മാത്രമാണ് കാര്യം. ഇതാണ് എന്റെ കാഴ്ചപ്പാട്,’ അല്‍ഫോണ്‍സ് കുറിച്ചു.
നേരത്തെ സംഗീതജ്ഞന്‍ ലിനുലാല്‍ നഞ്ചിയമ്മക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ രംഗത്ത് വന്നിരുന്നു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞു.
CONTENT HIGHLIGHTS: Singer Rashmi Sathish supports Nanjiamma in the controversy surrounding her receiving the National Award for Best Female Singer