ബില്‍ക്കീസ് നിങ്ങള്‍ പഞ്ചാബിലേക്ക് വരൂ... ഞങ്ങള്‍ പഞ്ചാബികള്‍ അവസാന തുള്ളി രക്തം ചിന്തിയും നിങ്ങളെ സംരക്ഷിക്കും: ഗായകന്‍ റബ്ബി ഷേര്‍ഗില്‍
national news
ബില്‍ക്കീസ് നിങ്ങള്‍ പഞ്ചാബിലേക്ക് വരൂ... ഞങ്ങള്‍ പഞ്ചാബികള്‍ അവസാന തുള്ളി രക്തം ചിന്തിയും നിങ്ങളെ സംരക്ഷിക്കും: ഗായകന്‍ റബ്ബി ഷേര്‍ഗില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 22, 05:15 pm
Monday, 22nd August 2022, 10:45 pm

ന്യൂദല്‍ഹി: 2002ല്‍ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനുവിന് ഐക്യദാര്‍ഢ്യവുമായി ഗായകന്‍ റബ്ബി ഷേര്‍ഗില്‍. ബില്‍ക്കീസിനോട് പഞ്ചാബിലേക്ക് വരാനും ഇവിടുത്തെ ഓരോ സര്‍ദാര്‍ജിമാരും ചേര്‍ന്ന് അവരെ അവസാന ശ്വാസം വരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിട്ടതിനെ സംബന്ധിച്ച് എന്‍.ഡി.ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബില്‍ക്കീസ്, നിങ്ങള്‍ പഞ്ചാബിലേക്ക് വരൂ. ഞങ്ങളുടെ അവസാന തുള്ള രക്തം ചിന്തിയും നിങ്ങളെ ഞങ്ങള്‍ കാത്തുസംരക്ഷിക്കും. ഞങ്ങള്‍ സര്‍ദാറുകള്‍ നിങ്ങളെ സംരക്ഷിക്കും.

എന്റെ സമുദായത്തെ കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. വ്യക്തിപരമായി ഞാന്‍ അവരെ ചേര്‍ത്തുനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അവളുടെ വേദന ഞങ്ങളുടേതുമാണെന്ന് അവളോട് പറയാന്‍ ആഗ്രഹിക്കുന്നു. അവള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, ഞങ്ങളെല്ലാവരും അവള്‍ക്കൊപ്പമുണ്ട്.

ഇതാണ് എല്ലാവര്‍ക്കുമുള്ള എന്റെ സന്ദേശം. നീതിയെ കുറിച്ച് ചിന്തിച്ചു തുടങ്ങാം എന്നാണ് എനിക്കെല്ലാവരോടും പറയാനുള്ളത്. കാരണം നമ്മളിത് ചെയ്തില്ലെങ്കില്‍ അത് നമ്മുടെ സമൂഹത്തെയൊന്നാകെ അര്‍ത്ഥശൂന്യമാക്കും,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു ബില്‍ക്കീസ് ബാനു ബലാത്സംഗ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിറക്കിയ സര്‍ക്കാര്‍ കമ്മിറ്റിയിലെ മിക്കവരും ബി.ജി.പിക്കാരായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

പുറത്തുവന്ന പ്രതികളെ പൂമാലയണിയിച്ചും മധുരം നല്‍കിയുമായിരുന്നു ഹിന്ദുത്വ ഗ്രൂപ്പുകള്‍ സ്വീകരിച്ചത്. പ്രതികളില്‍ പലരും ബ്രാഹ്‌മണരാണെന്നും അവര്‍ നല്ല മൂല്യങ്ങള്‍ പിന്തുടരുന്നവരാണെന്നും വാദിച്ച് ബി.ജെ.പി എം.എല്‍.എയും രംഗത്തുവന്നിരുന്നു.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍ക്കിസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

 

തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്‌ഠേന ഉത്തരവിട്ടത്.

 

Content Highlight: Singer Rabbi Shergil says Punjabi Sardars will protect Bilkis Bano