Entertainment
മലയാളത്തില്‍ വെറും രണ്ടുവരി പാടിയതിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല: പ്രദീപ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 27, 01:32 pm
Sunday, 27th October 2024, 7:02 pm

തമിഴില്‍ നിലവിലെ മികച്ച ഗായകരില്‍ ഒരാളാണ് പ്രദീപ് കുമാര്‍. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദീപ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പത്തോളം ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിച്ച പ്രദീപ് കുമാര്‍ മലയാളത്തിലെ തന്റെ ഇഷ്ട സംഗീതസംവിധായകനെക്കുറിച്ച് സംസാരിക്കുകയാണ്. ഇപ്പോഴുള്ള സംഗീതസംവിധായകരില്‍ താന്‍ സുഷിന്‍ ശ്യാമിന്റെ വലിയൊരു ഫാനാണെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. സുഷിനോടൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.

സുഷിന്റെ സംഗീതത്തില്‍ ഒരു പാട്ട് പാടണമെന്ന ആഗ്രഹം പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് സുഷിന്‍ വിളിച്ച് ഒരു പാട്ട് പാടണമെന്ന് പറഞ്ഞതെന്നും കേട്ടപ്പോള്‍ സന്തോഷമായെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. മലയാളം പാട്ടായതുകൊണ്ട് താന്‍ ചിലപ്പോള്‍ സുഷിനെ ബുദ്ധിമുട്ടിക്കുമെന്ന് പറഞ്ഞെന്നും അതൊന്നും സാരമില്ല, വെറും രണ്ട് വരി മാത്രമേയുള്ളൂവെന്ന് സുഷിന്‍ പറഞ്ഞെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. കൊവിഡ് സമയമായതിനാല്‍ വളരെ പെട്ടെന്ന് റെക്കോഡിങ് തീര്‍ത്തെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മിന്നല്‍ മുരളിയിലെ ആ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായെന്നും ആ പാട്ടിന് സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. താനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വെറും രണ്ട് വരി മാത്രമേ താന്‍ പാടിയുള്ളൂവെന്നും അതിന് മികച്ച ഗായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തില്‍ ഇപ്പോഴുള്ള സംഗീതസംവിധായകരില്‍ എനിക്ക് ഏറ്റവും ഇഷ്ടം സുഷിന്‍ ശ്യാമിനെയാണ്. സത്യം പറഞ്ഞാല്‍ സുഷിന്റെ വലിയൊരു ഫാനാണ് ഞാന്‍. അയാളുടെ പാട്ടുകളെല്ലാം കുറച്ച് ഡിഫറന്റാണ്. എപ്പോഴെങ്കിലും സുഷിന്റെ മ്യൂസിക്കില്‍ പാടണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എന്നെ സുഷിന്‍ വിളിച്ച് ചെറിയൊരു പാട്ടുണ്ട് എന്ന് പറയുന്നത്.

മലയാളത്തിലായതുകൊണ്ട് ഞാന്‍ ചിലപ്പോള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കും എന്നൊക്കെ അപ്പോള്‍ പറഞ്ഞു. ‘അതൊന്നും കുഴപ്പമില്ല, ഇതൊരു ചെറിയ പരിപാടിയാണ്. വെറും രണ്ട് വരി മാത്രമേയുള്ളൂ’ എന്ന് സുഷിന്‍ പറഞ്ഞു. കൊവിഡ് സമയമായതുകൊണ്ട് അതൊരു റിമോട്ട് റെക്കോഡിങ്ങായിരുന്നു. മിന്നല്‍ മുരളിയിലെ ആ പാട്ടിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിരുന്നു. ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല. വെറും രണ്ട് വരി മാത്രമേ പാടിയുള്ളൂ, അതിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്,’ പ്രദീപ് കുമാര്‍ പറഞ്ഞു.

Content Highlight: Singer Pradeep Kumar saying he is a big fan of Sushin Shyam