'അമേരിക്കന്‍ ഐഡല്‍' റിയാലിറ്റി ഷോ പ്രൊഡ്യൂസറിനെതിരെ പീഡനപരാതിയുമായി ഗായിക
‘അമേരിക്കന്‍ ഐഡല്‍’ എന്ന റിയാലിറ്റി ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ നൈജല്‍ ലിത്ഗോ തന്നെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കി അമേരിക്കന്‍ ഗായികയും ഡാന്‍സറുമായ പോള അബ്ദുള്‍.
അമേരിക്കന്‍ ഐഡല്‍ ഷോയുടെ ആദ്യ സീസണിന്റെ സമയത്താണ് തന്നെ നൈജല്‍ ലിത്ഗോ ലിഫ്റ്റില്‍ വെച്ച് ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഗായിക പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ‘സോ യു തിങ്ക് യു കാന്‍ യു ഡാന്‍സ്’ എന്ന ഷോയില്‍ ജഡ്ജായിരിക്കുന്ന കാലത്ത് നൈജല്‍ ലിത്ഗോ വീട്ടില്‍ വിളിച്ചു വരുത്തി രണ്ടാമതും പീഡിപ്പിച്ചുവെന്നും പോള അബ്ദുള്‍ ആരോപിച്ചു.
ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പുറമേ, വെര്‍ബല്‍ ഹരാസ്‌മെന്റ്, ബുള്ളിയിങ്ങ്, ലിംഗാധിഷ്ഠിത വിവേചനം എന്നിവക്കും പോള അബ്ദുള്‍ നൈജല്‍ ലിത്ഗോക്ക് എതിരെ പരാതി നല്‍കി. ‘അമേരിക്കന്‍ ഐഡല്‍’ ഷോയില്‍ തനിക്ക് പുരുഷ ജഡ്ജസിനേക്കാള്‍ കുറവ് പ്രതിഫലമാണ് നല്‍കിയതെന്നും ഗായിക ആരോപിച്ചു.
2000ങ്ങളുടെ തുടക്കത്തിലായിരുന്നു പോള അബ്ദുള്‍ റിയാലിറ്റി ഷോ മത്സരങ്ങളുടെ വിധികര്‍ത്താവായി കടന്നുവന്നത്. നൈജല്‍ ലിത്ഗോ ശക്തരാായ ടെലിവിഷന്‍ നിര്‍മാതാക്കളില്‍ ഒരാളും സിനിമ സംവിധായകനുമാണ്.
പരാതിപ്പെട്ടാല്‍ അയാള്‍ പ്രതികാരം ചെയ്യുമെന്ന ഭയം മൂലമാണ് വര്‍ഷങ്ങളോളം താന്‍ പീഡനം മറച്ചു വെച്ചതെന്ന് ഗായിക പരാതിയില്‍ പറഞ്ഞു. 2015ല്‍ പോള അബ്ദുളിന്റെ സഹായികളിലൊരാളെ ലിത്ഗോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും കേസിലുണ്ട്.
Content Highlight: Singer Paula Abdul files harassment complaint against ‘American Idol’ reality show producer Nigel Lythgoe