| Monday, 13th December 2021, 7:30 pm

2020 ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാള സിനിമക്കുള്ള സമഗ്രസംഭാവന പരിഗണിച്ച് ഗായകന്‍ പി. ജയചന്ദ്രന് 2020 ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് വാര്‍ത്താകുറിപ്പിലൂടെ പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം.

5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23 ന് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയചന്ദ്രന് പുരസ്‌കാരം കൈമാറും.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി നില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

1965 ല്‍ പുറത്തിറങ്ങിയ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനത്തിലൂടെയാണ് ജയചന്ദ്രന്‍ ആദ്യമായി
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ചത്. വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1985 ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: singer-p-jayachandran-won-jc-daniel-award

Latest Stories

We use cookies to give you the best possible experience. Learn more