| Thursday, 6th May 2021, 2:43 pm

'ഇവിടെ വന്ന് ഒരാഴ്ചയെങ്കിലും താമസിക്കണം. എന്തൊക്കെ കഥകളുണ്ടാകും നമുക്ക് ഓര്‍ത്തെടുക്കാന്‍'; ആ വാക്കുകള്‍കേട്ട് കണ്ണുകള്‍ നിറഞ്ഞുപോയി: ജാനകിയമ്മയെ കുറിച്ച് ജയചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായിക എസ്. ജാനകിയമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഗായകന്‍ ജയചന്ദ്രന്‍.

എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കല്യാണരാത്രിയില്‍’ എന്ന സിനിമ യുടെ റെക്കോഡിങ്ങിന് ചെന്നപ്പോഴാണ് ജാനകിയമ്മയെ താന്‍ ആദ്യം കണ്ടതെന്നും വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അല്ലിയാമ്പല്‍പ്പൂവുകളേ…’ എന്ന യുഗ്മഗാനമാണ് തനിക്ക് ആ പടത്തില്‍ പാടേണ്ടിയിരുന്നതെന്നും ജയചന്ദ്രന്‍ ഓര്‍ക്കുന്നു.

ഒപ്പം പാടുന്നത് ജാനകിയമ്മയായിരുന്നു. ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ ഞാന്‍ സിനിമയില്‍ പാടിത്തുടങ്ങിയിട്ട്. ജാനകിയമ്മയാകട്ടെ അന്നത്തെ തിരക്കുള്ള ഗായകരിലൊരാള്‍. പക്ഷേ, ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലായിരുന്നില്ല അവരുടെ പെരുമാറ്റം. സ്‌നേഹസമ്പന്നയായ ചേച്ചിയെപ്പോലെയാണ് തോന്നിയത്. അരനൂറ്റാണ്ടിനിപ്പുറവും അതേ ബന്ധം കാത്തുസൂക്ഷിക്കുന്നു ഞങ്ങള്‍, ജയചന്ദ്രന്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 23ന് അവരുടെ എണ്‍പത്തിമൂന്നാം പിറന്നാളായിരുന്നു. അന്ന് മൈസൂരിലെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ മറന്നിട്ടില്ല: ”എത്രയെത്ര പാട്ടുകളാണ് നമ്മള്‍ ഒരുമിച്ച് പാടിയത്. വെറുതേയിരിക്കുമ്പോള്‍ ആ കാലം ഓര്‍മവരും. എത്ര നല്ല നാളുകളായിരുന്നു. ജയചന്ദ്രന്‍ ഇവിടെ വരണം. എന്റെ കൂടെ ഒരാഴ്ചയെങ്കിലും താമസിക്കണം. എന്തൊക്കെ കഥകളുണ്ടാകും നമുക്ക് ഓര്‍ത്തെടുക്കാന്‍. ശരിക്കും കണ്ണുകള്‍ നിറഞ്ഞുപോയി ആ വാക്കുകള്‍ കേട്ടപ്പോള്‍. അവരെ ചെന്ന് കാണണമെന്നും തോന്നി. പക്ഷേ, ഈ കൊവിഡ്കാലത്ത് അത്തരമൊരു യാത്രയെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ പറ്റും?

നന്മയുടെ ആള്‍രൂപമാണ് തന്റെ ഓര്‍മയിലെ ജാനകിയമ്മയെന്നും ശരിക്കും ഒരു ശുദ്ധമനസ്സിന്റെ ഉടമയാണ് അവരെന്നും ജയചന്ദ്രന്‍ പറയുന്നു. ദേവരാജന്‍ മാഷ് ഒരിക്കല്‍ ചോദിച്ചത് ഓര്‍മയുണ്ട്. ”നമ്മുടെ സിനിമാലോകത്ത് ഏറ്റവും നല്ല ഹൃദയമുള്ള ഗായിക ആരെന്ന് അറിയാമോ?” ആലോചിച്ചുനിന്നപ്പോള്‍ മാഷ് തന്നെ ഉത്തരം തന്നു, ജാനകി. അവരെപ്പോലെ ശുദ്ധമനസ്‌കയായ മറ്റൊരു പാട്ടുകാരിയെ കണ്ടിട്ടില്ല. മാഷിനു വേണ്ടി അധികം പാട്ടുകള്‍ പാടിയിട്ടില്ല അവര്‍ എന്നുകൂടി ഓര്‍ക്കണം. സുശീലാമ്മയുടെ ആലാപനശൈലിയോടായിരുന്നു മാഷിന് എക്കാലവും ആഭിമുഖ്യം. പക്ഷേ, വ്യക്തി എന്ന നിലയില്‍ ജാനകിയമ്മയെ എന്നും ആദരിക്കാനും അംഗീകരിക്കാനും മാഷ് മടിച്ചില്ല, ജയചന്ദ്രന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Singer P Jayachandran remember S Janaki

We use cookies to give you the best possible experience. Learn more