അതിര്‍ത്തികള്‍ മുറിച്ചു കടന്ന മധുര നാദം
Movie Day
അതിര്‍ത്തികള്‍ മുറിച്ചു കടന്ന മധുര നാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2009, 11:24 pm

നൂര്‍ജഹാന്‍ ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷം


“പാട്ടുനിര്‍ത്തുന്ന ദിവസം ഞാന്‍ മരിക്കും. പാടിക്കൊണ്ട് മരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”

നൂര്‍ജഹാന്‍ ഇന്ത്യന്‍ സംഗീത ലോകത്ത് പ്രശസ്തിയുടെ ഔന്നത്യത്തില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് വിഭജനത്തെ തുടര്‍ന്ന് അവര്‍ക്ക് കുടുംബസമേതം പാകിസ്ഥാനിലേക്ക് പോകേണ്ടി വന്നത്. ഇന്ത്യ പാക് വിഭജനത്തോടെ ഇരു രാജ്യങ്ങളും തമ്മില്‍ അവിശ്വാസത്തിന്റെയും വൈരത്തിന്റെയും മതിലുകള്‍ ഉയര്‍ന്നു. എന്നാല്‍ ഈ വന്‍മതില്‍ തകര്‍ത്ത് നൂര്‍ജഹാന്റെ ശബ്ദം ഇരു രാജ്യങ്ങളിലും ഒഴുകി നടന്നു. “ബന്‍ പതംഗ് ഉര്‍ജാ ഉല്‍” “ഛമാ ചം നാച്ചേജിയാ” ” തും സിന്ദഗീ കോഗം കാ ഫസാനാ” തുടങ്ങിയ ഗാനങ്ങളിലൂടെ നൂര്‍ജഹാന്‍ അതിര്‍ത്തി കടന്ന് വീണ്ടും ഇന്ത്യയിലേക്ക് വിരുന്നു വന്നു.

കേള്‍വിക്കാരുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ശബ്ദമായിരുന്നു നൂര്‍ജഹാന്റെത്. കേട്ടു നില്‍ക്കുന്നവരെ അത് മത്ത് പിടിപ്പിച്ചു. കല്‍ക്കണ്ടം പോലെ മധുരമായിരുന്നു ആ നാദം. സുരയ്യ, ഖുര്‍ശിദ്, കാനല്‍ ബാല തുടങ്ങി സമകാലീകരായി നിരവധി ഗായികമാരുണ്ടായിട്ടും നൂര്‍ജഹാന്റെ ശബ്ദം അവരില്‍ നിന്നെല്ലാം മാറിയൊഴുകി. ശാസ്ത്രീയ സംഗീതത്തിലുള്ള അവരുടെ പാഠവം എടുത്തു പറയേണ്ടതാണ്.

1926 സെപ്തംബര്‍ 21ന് മദാദ് അലിയുടെയും ഫത്തേഹ് ബീവിയുടെയും മകളായാണ് നൂര്‍ജഹാന്‍ പിറന്നത്. അവിഭക്ത പഞ്ചാബിലെ ചെറു പട്ടണമായ കസൂറിലായിരുന്നു ജനനം. അല്ലാ വാസ എന്നായിരുന്നു ആദ്യ നാമം. മകളുടെ സംഗീത വൈഭവം തിരിച്ചറിയാന്‍ കലാകാരന്‍മാരായ മാതാപിതാക്കള്‍ക്ക് നേരത്തെ കഴിഞ്ഞു. അല്ലാ വാസയുമായി ലാഹോറിലേക്ക് പുറപ്പെട്ട അവര്‍ അവിടെ അവള്‍ക്ക് സംഗീത പഠനത്തിന് സൗകര്യമൊരുക്കി. പിന്നീട് കൊല്‍ക്കത്തയിലേക്ക് കുടുംബം താമസം മാറി. ആദ്യം അഭിനയിച്ചുകൊണ്ടാണ് സിനിമാ ലോകത്തേക്ക് നൂര്‍ജഹാന്‍ കടന്നത്. 1935ലാണ് നൂര്‍ജഹാന്‍ ആദ്യമായി സിനിമയില്‍ സ്വയം പാടി അഭിനയിക്കുന്നത്. പിന്നീട് മാസ്റ്റര്‍ ഗുലാം ഹൈദറിന്റെ പാട്ടുകളിലൂടെ സംഗീതജ്ഞയെന്ന നിലയില്‍ അവരെ ലോകം തിരിച്ചറിഞ്ഞു.

1945 നുര്‍ജഹാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ വര്‍ഷം പുറത്തിറങ്ങിയ സീനത്ത് എന്ന ചലചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ബേബി അല്ലാ വാസ് എന്ന ബാല നടി നുര്‍ജഹാന്‍ എന്ന ഗായികയായി വിശേഷിപ്പിക്കപ്പെട്ടൂ തുടങ്ങിയത്. അതേ വര്‍ഷം തന്നെ സൊഹ്രബായി അംബേല്‍ വാലിയോടൊപ്പവും, അമീര്‍ഭായി കര്‍ണാടകിയോടൊപ്പവും “ആഹേന്‍ നാ ഭരീന്‍ ഷികാവെ ന കിയെ ” എന്ന ഖവാലി പാടുകയുണ്ടായി. ഉപഭുഖണ്ടത്തില്‍ ആദ്യമായി റെക്കോഡ് ചെയ്യപ്പെടുന്ന ഖവാലിയായിരുന്നു അത്. നൂര്‍ജഹാന്‍ ഗസലുകളുടെ രാജ്ഞിയെന്ന് അറിയപ്പെട്ട് തുടങ്ങി.

1946 ല്‍ അന്‍മോല്‍ഗഡിയിലെ അഭിനയത്തിലൂടെ അവര്‍ അഭിനയ രാജ്ഞിയായും വാഴ്ത്തപ്പെട്ടു. 1947ല്‍ പുറത്തിറങ്ങിയ ജുഗ്‌നുവില്‍ ദിലീപ്കുമാറിന്റെ നായികയായി അഭിനയിച്ചു. 1932-1947 വരെയുള്ള കാലഘട്ടത്തില്‍ 69 ചലചിത്രങ്ങള്‍ക്കു വേണ്ടി 127 ഗാനങ്ങള്‍ നൂര്‍ജഹാന്‍ പാടുകയുണ്ടയി. അതില്‍ 55 എണ്ണം ബോംബെയിലും, 8 എണ്ണം കല്‍ക്കട്ടയിലും അഞ്ചെണ്ണം ലാഹോറിലും ഒരെണ്ണം റംഗൂണിലും(ബര്‍മ്മ)യിലും വെച്ചായിരുന്നു.

വിഭജനാനതരം നൂര്‍ജഹാന്‍ കറാച്ചിയിലേക്ക് കുടിയേറി. 1957ല്‍ പാക് പ്രസിഡനിന്റെ ഏറ്റവും മികച്ച അഭിനേത്രിക്കും, ഗായികക്കുമുള്ള അവാര്‍ഡ് നൂര്‍ജഹാനു ലഭിച്ചു. തുടര്‍ന്നു 1961 വരെ ഒട്ടനവധി ചലച്ചിത്രങ്ങളില്‍ നുര്‍ജഹാന്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. 1961 ല്‍ പുറത്തിറങ്ങിയ മിര്‍സാ ഗാലിബ് എന്ന ചലച്ചിത്രത്തിനു വേണ്ടീ മിര്‍സാ ഗാലിബ് രചിച്ച ഗസലുകള്‍ നൂര്‍ജഹാന്‍ പാടി. പിന്നീട് അഭിനയ രംഗത്ത് നിന്നും പതുക്കെ പിന്‍മാറിയ അവരുടെ ശ്രദ്ധ ഗസലുകളിലേക്ക് തിരിഞ്ഞു.

ഗസലുകള്‍ നൂര്‍ജഹാനു ഏറ്റവും കൂടുതല്‍ ജനസമ്മതി നേടികൊടുത്തതു. ഒട്ടനവധി പ്രശസ്തങ്ങളായ ഗസലുകള്‍ നുര്‍ജഹാന്റെ മധുരമായ ശബ്ദത്തില്‍ നിന്നും പുറത്തു വന്നു. ആഷിയാനെ കി ബാത്, ദില്‍ ദരക്‌നേകി ബാത്, മുച് സെ പെഹ്‌ലി മുതലായവ നൂര്‍ജഹാന്റെ പ്രശസ്തങ്ങളായ ഗസലുകളില്‍ പെട്ടവയാണ്.

1996 ല്‍ സഖി ബാദ്ഷാ എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ് നൂര്‍ജഹാന്‍ അവസാനമായി പാടിയത്. തുടര്‍ന്ന് രോഗം അവരെ പതുക്കെ കീഴടക്കാന്‍ തുടങ്ങി. ഇതിനിടെയുണ്ടായ ഹൃദയ ശസ്ത്രക്രിയ അവരുടെ ശബ്ദത്തെയും ബാധിച്ചു. അനോരോഗ്യത്തെ കാരണം വേദികളില്‍ നിന്നും നൂര്‍ജഹാന്‍ ഒഴിഞ്ഞു നിന്നു. ഹൃദയസംബന്ധിയായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തന്റെ 74മത്തെ വയസ്സില്‍ 2000 ഡിസംബര്‍ 23 നൂര്‍ജഹാന്‍ വിടപറഞ്ഞു.