അയ്യപ്പനും കോശിയും സിനിമ കണ്ടവരാരും നഞ്ചിയമ്മയെ മറക്കില്ല. സച്ചി സംവിധാനം ചെയ്ത ആ ചിത്രത്തിൽ നഞ്ചിയമ്മ പാടിയ ‘കലക്കാത്ത’ എന്ന ഗാനം അത്ര മാത്രം ആഘോഷിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വൻ ഓളം സൃഷ്ടിക്കാൻ ഈ പാട്ടിനും പാട്ടുകാരിക്കും സാധിച്ചിരുന്നു.
അയ്യപ്പനും കോശിയും തമ്മിലുള്ള ശത്രുതക്കും അടിപിടിക്കും ഈ ഗാനം ആക്കം കൂട്ടി. ഇതോടെ നഞ്ചിയമ്മക്കും നഞ്ചിയമ്മയുടെ പാട്ടിനും ഒരുപാട് ആരാധകരുണ്ടായി.
അട്ടപ്പാടിയാണ് നഞ്ചിയമ്മയുടെ സ്വദേശം. അയ്യപ്പനും കോശിയും സിനിമയിലൂടെയാണ് താൻ ലോകം അറിയപ്പെടുന്ന ഗായിക ആയതെന്നും എന്നാൽ താൻ ആദ്യം പാടിയ ഗാനം അതല്ലെന്നും പറയുകയാണ് നഞ്ചിയമ്മ. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നഞ്ചിയമ്മ.
‘വടിവേലു സാറിന്റെ കാട്ടുദീവാലി എന്ന സിനിമയിൽ ഞാൻ പാടിയിരുന്നു. പക്ഷെ അത് റിലീസായില്ല. അത് കഴിഞ്ഞ് ഞാൻ വീട്ടിൽ തന്നെയിരുന്നു. സച്ചി സാറാണ് എന്നെ ലോകം അറിയുന്ന ആളാക്കി മാറ്റിയത്.
ആടുമാടുകളെ മേച്ചു കൊണ്ടുനടന്ന ആളാണ് ഞാൻ. ഞാൻ തെറ്റായി പാടിയാലും ശരിയായി പാടിയാലും നിങ്ങൾ മനസ്സിൽ വെക്കാതെ എന്നെ എടുക്കണം എന്നാണ് ഞാൻ സച്ചി സാറോട് പറഞ്ഞത്.
അപ്പോൾ നിങ്ങൾ തെറ്റൊന്നും ചെയ്യില്ല നഞ്ചിയമ്മ ചേച്ചി, നിങ്ങൾ അടിച്ച് പൊളിച്ച് പാടുമെന്നാണ് സച്ചിസാർ പറഞ്ഞത്. ആ പാട്ട് അവർക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ പാട്ടാണ് ഹിറ്റായി മാറിയത്. ഈ പതിനാല് ജില്ലകളിൽ ചുറ്റികറങ്ങിയിട്ട് പോലും അങ്ങനെ ഒരു പാട്ട് എന്റെ ഉള്ളിൽ നിന്നും വന്നിട്ടില്ല. അവരുടെ സിനിമയിലാണ് വന്നത്’, നഞ്ചിയമ്മ പറഞ്ഞു.
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം ശശിധരനും ചേർന്നാണ് നിർമിച്ചത്. പട്ടാളത്തിലെ സർവീസിനുശേഷം വിരമിച്ച കോശിയും അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളും തല്ലുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മികച്ച വിജയം കരസ്ഥമാക്കാൻ സിനിമക്ക് സാധിച്ചു. സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
Content Highlight: Singer Nanjiyamma reveals that Ayyappanum Koshiyum was not her first cinema