| Thursday, 28th October 2021, 10:24 am

പാടുമ്പോള്‍ ഞാന്‍ നെറ്റിചുളിച്ചാല്‍ ശ്രീക്കുട്ടന്‍ പരിഭ്രമിക്കുമത്രേ, പറയുന്നതില്‍ സാമാന്യ യുക്തി വേണ്ടേ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം.ജി ശ്രീകുമാറും ലേഖയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തകാലത്തായി തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കുന്നത്.

എം.ജി ശ്രീകുമാറിനൊപ്പം എല്ലാ റെക്കോഡിങ്ങിനും താനും പോകുമെന്നും പാട്ടുകള്‍ തീരുമാനിക്കുന്നത് താനാണെന്നുമാണ് അടുത്തിടെ സിനിമയിലുള്ളൊരു വ്യക്തി തന്നെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലിരുന്ന് പറഞ്ഞതെന്ന് ലേഖ പറയുന്നു.

ശ്രീക്കുട്ടന്‍ പാടുമ്പോള്‍ തന്റെ മുഖത്ത് നോക്കുമെന്നും താന്‍ നെറ്റി ചുളിച്ചാല്‍ ശ്രീക്കുട്ടന്‍ പരിഭ്രമിക്കുമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. ഒന്നാമതായി എനിക്ക് പറയാനുള്ളത് ഞാനൊരു റെക്കോഡിങ്ങിനും പോയിട്ടില്ല. ഇളയരാജ, എ.ആര്‍ റഹ്മാന്‍, വിദ്യാസാഗര്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍,എസ്.പി വെങ്കിടേഷ്, ദീപക് ദേവ് തുടങ്ങിയ വലിയ സംഗീത സംവിധായകരോടെല്ലാം നിങ്ങള്‍ക്ക് ചോദിക്കാം. എന്റെ ഭര്‍ത്താവിന് സ്വന്തമായൊരു സ്‌പേസ് ഉണ്ട്. അതിനിടയില്‍ കയറി അഭിപ്രായം പറയാന്‍ ഞാന്‍ ആരാണ്, ലേഖ ചോദിക്കുന്നു.

ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന് ഒരു സാമാന്യ യുക്തിയെങ്കിലും വേണ്ടേ എന്നായിരുന്നു എം.ജി ശ്രീകുമാറും അഭിമുഖത്തില്‍ പറഞ്ഞത്.

‘രാജാസാര്‍ എന്നെയൊരു പാട്ട് പഠിപ്പിക്കുമ്പോള്‍ ഞാന്‍ ലേഖയുടെ അടുത്ത് ചോദിക്കുന്നു, ഇദ്ദേഹം പറയുന്നത് ശരിയാണോ?. പറയുന്നതിലൊരു സാമാന്യ യുക്തി വേണ്ടെ?

റെക്കോഡിങ്ങിന് ലേഖ കൂടെ വരാറില്ല. പക്ഷേ ഗാനമേളയ്ക്ക് പാടുമ്പോള്‍ ഏത് നാട്ടിലാണെങ്കിലും ലേഖയും ഉണ്ടാവും. സ്റ്റേജിന്റെ ഏറ്റവും മുന്നിലിരിക്കും. ആദ്യത്തെ പാട്ട് പാടുമ്പോള്‍ ഞാന്‍ ഇവളുടെ മുഖത്തൊന്ന് നോക്കും. എന്റെ സൗണ്ട് കറക്ടാണോ, ഓര്‍ക്കസ്ട്ര കറക്ടാണോ, വോള്യമുണ്ടോ എന്നൊക്കെ അറിയാന്‍ വേണ്ടിയാണത്. ഓക്കെ ആണെങ്കില്‍ ലേഖ ആംഗ്യം കാണിക്കും. വോയ്‌സ് കുറവാണെങ്കില്‍ അത് കാണിക്കും. അതിന് അനുസരിച്ച് എനിക്ക് മുന്നോട്ട് പോവാമല്ലോ,’ എം.ജി ശ്രീകുമാര്‍ പറഞ്ഞു.

ഇതെല്ലാം വ്യക്തിഹത്യയാണ്. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്നേ പറയാനുള്ളൂ. ശ്രീക്കുട്ടന് സ്വന്തമായി അഭിപ്രായം പറയാനുള്ള കഴിവുണ്ട്. എല്ലാത്തിനും മറുപടി പറയാനുള്ള വാക്കുകളും സരസ്വതീ കടാക്ഷവും അദ്ദേഹത്തിന്റെ നാവിലുണ്ട്, ലേഖ പറഞ്ഞു.

മറ്റൊരു കിംവദന്തി ഞങ്ങള്‍ മതംമാറാന്‍ പോവുന്നു എന്നതാണ്. എന്റെ അച്ഛനും അമ്മയും ഇന്ന മതത്തിലേ നീ വിശ്വസിക്കാവൂ എന്നോ, മറ്റുമതക്കാരെ കണ്ടാല്‍ മിണ്ടരുതെന്നോ ഒന്നും പഠിപ്പിച്ചിട്ടില്ല. ഞാന്‍ ഹിന്ദു കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഹിന്ദു ദൈവങ്ങളിലാണ് വിശ്വസിക്കുന്നതെങ്കിലും മറ്റ് ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്.

നമുക്ക് ഏതു മതത്തിലും വിശ്വസിക്കാം. ഇന്ന ദൈവത്തിലേ നിങ്ങള്‍ വിശ്വസിക്കാവൂ എന്ന് ഒരു പുരാണത്തിലും പറഞ്ഞിട്ടില്ല, എന്റെ വീട്ടില്‍ കാശിയിലെ വെള്ളം സൂക്ഷിച്ചിട്ടുണ്ട്. അതുപോലെതന്നെ മെക്കയിലെ വെള്ളവും. ഞാന്‍ മൂകാംബിക ദേവിക്ക് ഒരു നിവേദ്യം വെയ്ക്കുകയാണെങ്കില്‍ മാതാവിനും നിവേദ്യം വെക്കാറുണ്ട്.

പിന്നെ എന്തുകൊണ്ടാവും നിങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന ചോദ്യത്തിന് ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു, അപ്പോള്‍ പിന്നെ ഇനി എന്നെക്കുറിച്ചാവട്ടെ എന്നങ്ങ് തീരുമാനിച്ചതാവുമെന്നായിരുന്നു ലേഖയുടെ മറുപടി.

‘ എന്നെ പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അവള്‍ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ്, അവരും ഹാപ്പിയാണ്,’ ലേഖ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Singer MG Sreekumar and Wife Lekha About The Controversies

We use cookies to give you the best possible experience. Learn more