ഗായകന്‍ എം.എസ് നസീം അന്തരിച്ചു
Kerala News
ഗായകന്‍ എം.എസ് നസീം അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 8:50 am

തിരുവനന്തപുരം: നാടകങ്ങളിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും ശദ്ധേയനായ ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികിത്സയിലായിരുന്നു.

ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവസാന്നിധ്യമായിരുന്ന എം.എസ് നസീം ദൂരദര്‍ശനില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കെ.പി.എ.സിയുടെയടക്കം അക്കാലത്ത് പ്രശസ്തമായിരുന്ന നിരവധി നാടകങ്ങളിലും നസീം പാട്ടുകള്‍ പാടിയിരുന്നു.

നാടകങ്ങളും ചാനല്‍ പരിപാടികളും കൂടാതെ സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്തം എന്നീ ചിത്രങ്ങളിലായിരുന്നു പിന്നണിഗായകനായത്.

നസീമിന്റെ സ്‌റ്റേജ് ഷോകളിലെ ലൈവ് പെര്‍ഫോമന്‍സിനും ആരാധകരേറെയായിരുന്നു. ഗാനമേളകളില്‍ എ.എം രാജയുടെ പാട്ടുകള്‍ ആലപിച്ചിരുന്ന അദ്ദേഹത്തെ ജൂനിയര്‍ എ.എം രാജ എന്നായിരുന്നു വിളിച്ചിരുന്നത്.

ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കൊച്ചിന്‍ ഓവേഷന്‍ കണ്‍സേര്‍ട്ട് തുടങ്ങി നിരവധി കലാസമിതികളില്‍ അദ്ദേഹം അംഗമായിരുന്നു.