| Monday, 17th March 2025, 9:24 am

ഒരു കോടി തരാമെന്ന് പറഞ്ഞാലും ഞാന്‍ അത്തരം ഗാനങ്ങള്‍ പാടില്ല: ലതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ഗാനങ്ങളിലൂടെ മലയാള സംഗീത ആസ്വാദകരുടെ മനസില്‍ ഇടംനേടിയ ഗായികയാണ് ലതിക. എന്നാല്‍ മലയാളത്തില്‍ വേണ്ടത്ര തിളങ്ങാന്‍ ലതികയ്ക്ക് സാധിച്ചിരുന്നില്ല. കാതോട് കാതോരം, ദേവദൂതര്‍ പാടി, പൂ വേണം പൂപ്പട വേണം തുടങ്ങി നിരവധി ജനപ്രിയ ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് പാടി നല്‍കിയ വ്യക്തികൂടിയാണ് ലതിക.

ഇപ്പോള്‍ ദേവദൂതര്‍ പാടി എന്ന ഗാനം അടുത്തിടെ റിമിക്‌സ് രീതിയില്‍ ഇറങ്ങിയതിനെ കുറിച്ച് മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ലതിക. തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് പഴയ ഗാനങ്ങള്‍ റീല്‍സ് പോലെ റിമിക്‌സ് ചെയ്യുന്നതെന്നും അതിനോട് താന്‍ എതിരാണെന്നും ലതിക പറയുന്നു. ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും താന്‍ റിമിക്‌സ് ഗാനങ്ങള്‍ പാടില്ലെന്നും ലതിക പറഞ്ഞു.

ഇത്തരത്തില്‍ റിമികിസ് ചെയ്യുന്നത് ഗായകരോട് ചെയ്യുന്ന ദ്രോഹമാണെന്നും അടുത്ത തലമുറയെ ഇതിലൂടെ നാം വഞ്ചിക്കുകയാണെന്നും ഗായിക പറഞ്ഞു. രണ്ടു ഗാനങ്ങളും കേള്‍ക്കുമ്പോള്‍ ഏതാണ് ശരിയെന്നറിയാതെ അവര്‍ ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടാവില്ലേയെന്നും ഗായിക ചോദിക്കുന്നു.

‘എനിക്ക് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണത്. പഴയ ഗാനങ്ങള്‍ ബീറ്റ്‌സ് മാറ്റി റീല്‍സ്‌പോലെ റിമിക്‌സ് ചെയ്യുന്നതിനോട് ഞാനെതിരാണ്. അത് ആ ഗായകരോട് ചെയ്യുന്ന ദ്രോഹമാണ്. അടുത്ത തലമുറയെയാണ് നാം ഇതിലൂടെ വഞ്ചിക്കുന്നത്.

രണ്ടു ഗാനങ്ങളും കേള്‍ക്കുമ്പോള്‍ ഏതാണ് ശരിയായി പാടിയത് എന്നറിയാതെ അവര്‍ വലയേണ്ടിവരില്ലേ? ഒരുകോടി രൂപ തരാമെന്നു പറഞ്ഞാലും റിമിക്‌സ് ഗാനങ്ങള്‍ ഞാനാലപിക്കില്ല. അതേപോലെ ഇപ്പോഴത്തെ റിയാലിറ്റി ഷോകള്‍, യുഗ്മഗാനം പോലും രണ്ടുതവണയായി എടുക്കുന്ന രീതി എന്നിവയോടും താത്പര്യമില്ല. പഴഞ്ചനെന്ന് വിളിക്കുമായിരിക്കും. അതിലും പരാതിയില്ല,’ ലതിക പറയുന്നു.

പാട്ടുകള്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത് വേദിയില്‍ ചുണ്ടനക്കുന്ന പ്രവണതയോടും താന്‍ ഒരു കാലത്തും യോജിക്കില്ലെന്നും താന്‍ അതൊരിക്കലും ചെയ്യില്ലെന്നും ലതിക പറഞ്ഞു.

കാഴ്ചക്കാരെ വഞ്ചിക്കുന്ന രീതിയാണതെന്നും ഇത് വ്യാപകമാകുന്ന ഇക്കാലത്ത് ദേവരാജന്‍ മാസ്റ്റര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണെന്നും എങ്കില്‍ ഒരിക്കലും ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ലതിക പറഞ്ഞു.

Content Highlight: singer lathika says about Remix songs

We use cookies to give you the best possible experience. Learn more