Malayalam Cinema
കാതോടുകാതോരം അടക്കമുള്ള എന്റെ പല പാട്ടുകളും ചിത്രയുടെ പേരില്‍ പോയി; ഒരു പാട്ട് ഹിറ്റായാല്‍ അത് വലിയ ആരുടേതോ ആണെന്ന് അങ്ങ് കരുതുകയാണ്: ഗായിക ലതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 11, 06:30 am
Thursday, 11th February 2021, 12:00 pm

താന്‍ പാടിയ പല പാട്ടുകളും ചിത്രയോ വാണി ജയറാമോ ഒക്കെ പാടിയതാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്ന് ഗായിക ലതിക. ഇത്തരത്തില്‍ തന്റെ പല പാട്ടുകളും പലരുടേയും പേരില്‍ പോയിട്ടുണ്ടെന്നും ലതിക പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

കാതോടുകാതോരം എന്ന പാട്ടൊക്കെ ചിത്ര പാടിയതായി പലരും ധരിച്ചുവെച്ചിരിക്കുകയാണെന്നും ചിത്ര തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലതിക അഭിമുഖത്തില്‍ പറയുന്നു.

‘വിദേശരാജ്യത്തൊക്കെ പാടാന്‍ പോകുമ്പോള്‍ ആളുകള്‍ കാതോടുകാതോരം എന്ന പാട്ട് പാടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചിത്ര തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത് അത് ചിത്ര പാടിയതാണെന്നാണ്. ഇതോടെ ചിത്ര അപ്പോള്‍ തന്നെ അവിടെ അനൗണ്‍സ് ചെയ്യും ഇത് എന്റെ സുഹൃത്ത് ലതിക പാടിയ പാട്ടാണെന്നും അടുത്ത തവണ വരുമ്പോള്‍ പാടിത്തരാമെന്നും. അടുത്തിടെ സ്റ്റേറ്റ്‌സില്‍ പോയി ആ പാട്ട് നാലുവരി പാടിയെന്നും ചിത്ര പറഞ്ഞിട്ടുണ്ട്.

ഒരു ഉദാഹരണം പറയാം. ചിത്ര സ്റ്റേറ്റ്‌സിലെ ഒരു പ്രോഗ്രാമില്‍ പാടാന്‍ പോയപ്പോള്‍ ചിത്രയെ സ്വീകരിക്കാന്‍ സംഘാടകര്‍ വന്നു. അതിന്റെ ഒരു ട്രെയിലര്‍ സംഘാടകര്‍ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ടായിരുന്നു. ചിത്രയെ അവര്‍ സ്വീകരിച്ചുകൊണ്ടുപോകുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ ഇട്ടിരിക്കുന്ന മ്യൂസിക്ക് കാതോടുകാതോരത്തിന്റെ ആണ്. അവര്‍ അത് ധരിച്ചുവെച്ചിരിക്കുകയാണ്.

ഇങ്ങനെ ഒരുപാട് പാട്ടുകള്‍. പല പാട്ടുകളും ഇങ്ങനെ പോയിട്ടുണ്ടെന്ന് മാത്രമല്ല മറ്റുള്ള പലരുടെ പേരിലും എന്റെ പാട്ടുകള്‍ പോയിട്ടുണ്ട്. വാണി ജയറാമിന്റേയും ചിത്രയുടേയും ഒക്കെ പേരില്‍’, ലതിക പറയുന്നു.

ജാനകിയെ അനുകരിച്ചുപാടുന്ന ഗായികയാണ് ലതികയെന്നും ചിത്രയുടെ സ്വരമായി സാമ്യമുണ്ടെന്നും ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്വന്തം സ്വരത്തിന് വ്യക്തിത്വം കുറവുണ്ടെന്നാണോ ഇതിലൂടെ ധരിക്കേണ്ടത് എന്ന ചോദ്യത്തിന് സംഗീതം അറിയുന്നവര്‍ക്ക് തന്റെ സ്വരത്തിന്റെ ഐഡന്റിന്റി അറിയാമെന്നും സംഗീതത്തെ കുറിച്ച് അത്ര ധാരണ ഇല്ലാത്തവരാണ് അത് പറയുന്നത് എന്നുമായിരുന്നു ലതികയുടെ മറുപടി.

ഒരു വലിയ ഹിറ്റായ പാട്ടുണ്ടെങ്കില്‍ വലിയ ആളുകള്‍ ആരോ ആണ് അത് പാടിയതെന്നും അവരുടേത് ആണ് എന്നും ഒരു ധാരണയുണ്ടെന്നും ഇതില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നും ലതിക ചോദിക്കുന്നു.

1979 ലാണ് ഞാന്‍ പാടുന്നത്. അപ്പോള്‍ ഫീല്‍ഡില്‍ എല്ലാവരും പറഞ്ഞുകൊണ്ടേയിരുന്നു. ജാനകിയമ്മയ്ക്ക് ശേഷം നമ്മുടെ മലയാളം ഫീല്‍ഡില്‍ അടുത്ത ഗായിക ലതികയാണ് എന്ന്. ഇങ്ങനെ എല്ലാവരും പറയുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന സമയത്താണ് ചിത്ര വരുന്നത്. അതൊക്കെ ഓരോരുത്തരുടെ യോഗമാണ്.

അതുകൊണ്ട് എനിക്ക് ഭാഗ്യമില്ല എന്നൊന്നും ഞാന്‍ പറയില്ല. ഞാന്‍ ഭാഗ്യവതിയാണെന്ന് എപ്പോഴും പറയും. കാരണം നമ്മള്‍ തുടങ്ങിയത് എവിടെ വെച്ചാണെന്ന് എപ്പോഴും ആലോചിക്കണമല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ നല്ല നിലയില്‍ തന്നെയാണ് നില്‍ക്കുന്നത്, ലതിക പറഞ്ഞു.

ഭരതന്‍ എന്ന സംവിധായകന്‍ ഗോഡഫാദര്‍ ആയതുകൊണ്ട് മറ്റുള്ളവര്‍ വിളിക്കാതിരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു ലതികയുടെ മറുപടി. 300ലേറെ ചിത്രങ്ങളില്‍ താന്‍ പാടിയിട്ടുണ്ടെന്നും ഇതില്‍ 20 ചിത്രങ്ങളിലോ മറ്റോ ആണ് ഭരതന് വേണ്ടി പാടിയതെന്നും ലതിക പറഞ്ഞു. ഉള്ളതുമതി എന്ന സ്വഭാവമാണ് തനിക്കെന്നും അക്കാര്യം പലപ്പോഴും ഭരതേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ലതിക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Singer Lathika About Her songs and KS Chithra