തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഫ്‌ളാറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുപ്രചരണം നടക്കുകയാണെന്ന് ഗായിക കെ.എസ്. ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍.
ഫ്‌ളാറ്റിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പ്രമോദ് എന്നയാളുടെ പരാതി വസ്തുതയില്ലാത്തതാണെന്നും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് കുപ്രചരണം നടത്തുകയാണെന്നുമാണ് വിജയ് ശങ്കര്‍ പറഞ്ഞത്.
വട്ടിയൂര്‍ക്കാവില്‍ പേള്‍ മാനര്‍ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് ഒപ്പുവെച്ചിട്ടും ഫ്‌ളാറ്റുടമകള്‍ സെയില്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നുമായിരുന്നു പ്രമോദ് എന്നയാള്‍ പരാതി നല്‍കിയത്.
വിജയ് ശങ്കര്‍ ഫ്‌ളാറ്റുടമകള്‍ക്ക് വേണ്ടി കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നും ഫ്‌ളാറ്റില്‍ വന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.
എന്നാല്‍ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട സാമ്പത്തികപരമോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ തനിക്ക് ഒരു ഇടപാടും ഇല്ലെന്നാണ് വിജയ് ശങ്കര്‍ പ്രതികരിച്ചത്.
പ്രമോദ് എന്നയാള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിച്ചുണ്ടെന്നും ഇത് ഒത്തുതീര്‍ക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദമാണ് ഈ വ്യാജപ്രചരണങ്ങളിലൂടെ നടക്കുന്നതെന്നുമാണ് വിജയ് ശങ്കര്‍ പറഞ്ഞത്.
തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ച പ്രമോദിനും വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും വിജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
”പട്ടികജാതിയില്‍ പെട്ട സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയാണ് പ്രമോദ്. ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും ഒരു ഗുണ്ടയും ചേര്‍ന്ന് ഇപ്പോള്‍ ആക്ഷേപങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്,” വിജയ് ശങ്കര്‍ പറഞ്ഞു.