ലക്‌നൗ: ബോളിവുഡ് ഗായിക കണികാ കപൂറിന്റെ ആറാമത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ശനിയാഴ്ചയാണ് കണികയുടെ പരിശോധന നടത്തിയത്. ഈ ടെസ്റ്റിലാണ് ഫലം നെഗറ്റീവ് ആയത്. നേരത്തെ നടത്തിയ അഞ്ച് പരിശോധനകളിലും ഇവര്‍ക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നു.
അതേസമയം, ഒരു പരിശോധന ഫലം കൂടി നെഗറ്റീവ് ആകുന്നതുവരെ കണികയ്ക്ക് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടരേണ്ടിവരും.
മാര്‍ച്ച് 16 ന് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണികയ്ക്ക് മാര്‍ച്ച് 20 നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണിക തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
കൊവിഡ്-19 നിരീക്ഷണത്തിലുള്ള സമയത്ത് ആഗോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് പൊതു പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ കണികയക്കെതിരെ ലക്നൗ പൊലീസ് കേസെടുത്തിരുന്നു. ഐ.പി.സി സെക്ഷന്‍ 188,269, 270 എന്നീ വകുപ്പുകളാണ് കണികക്കെതെിരെ ചുമത്തിയിരിക്കുന്നത്. ലക്നൗ ചീഫ് മെഡിക്കല്‍ ഓഫീസറിന്റെ പരാതിയിലാണ് കേസെടുത്തത്.