മലയാളത്തിന്റെ വാനമ്പാടി, കെ.എസ്. ചിത്ര ഇന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യയുടെ പ്രിയ ഗായിക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുരസ്‌കാരം സ്വീകരിക്കാന്‍ പോകുന്നതിന്റേയും പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതിന്റേയും സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോള്‍ പ്രിയഗായിക. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണുന്നതില്‍ സന്തോഷവുമുണ്ടെന്ന് പറഞ്ഞ കെ.എസ്. ചിത്ര, ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണ് പത്മഭൂഷണെന്നും ആദ്യം ഒരു ഷോക്ക് ആയിരുന്നെന്നും പുരസ്‌കാര നേട്ടം കാണാന്‍ അച്ഛനും അമ്മയും മകളും ഇല്ലാത്തതിലുള്ള വിഷമം ഉള്ളിലുണ്ടെന്നും പ്രതികരിച്ചു.
സിനിമയ്ക്കപ്പുറം കുട്ടികളുടെ അവകാശങ്ങളിലും കലാകാരന്മാരുടെ പ്രശ്‌നങ്ങളിലുമെല്ലാം ഇടപെടാറുണ്ട് പ്രിയഗായിക.
പ്രധാനമന്ത്രിയോട് അത്തരത്തിലെന്തെങ്കിലും സംസാരിക്കുമോ എന്ന ചോദ്യത്തിന്, ”സംസാരിക്കാനൊക്കെ സമയം കിട്ടുമോ എന്ന് അറിയില്ല. കലാകാരന്മാരുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും പറയാറുണ്ട്. അതിന്റെ നടപടികള്‍ ഒരു വശത്ത് നടക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്.
വലിയ ആല്‍ക്കാരെ ഒക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര വെപ്രാളം വരും. വിചാരിക്കുന്നതൊന്നും എന്റെ വായില്‍ നിന്ന് വരില്ല. അത് സ്ഥിരം പതിവാണ്. സ്റ്റേജ് ഫിയര്‍ ഇപ്പോഴും പഴയതിനേക്കാള്‍ കൂടുതല്‍ ആണെങ്കിലേ ഉള്ളൂ,” എന്നായിരുന്നു മറുപടി.
കൊവിഡ് കാലത്ത് ഓണ്‍ലൈനായി പരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കിലും വീട്ടില്‍ നിന്ന് പാടുന്നുണ്ടായിരുന്നെങ്കിലും സ്റ്റേജ് പരിപാടികള്‍ ചെയ്യുന്നതിന്റെ അനുഭവം വ്യത്യസ്തമാണെന്നും അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും കെ.എസ്. ചിത്ര പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥയില്‍ പൂര്‍ണ തൃപ്തി തോന്നുന്നില്ലെന്നും പഴയത് പോലെ സ്‌റ്റേജ് പരിപാടികളിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പത്മശ്രീ പുരസ്‌കാരം നല്‍കിയും രാജ്യം കെ.എസ്. ചിത്രയെ ആദരിച്ചിരുന്നു.