| Tuesday, 27th July 2021, 3:16 pm

ഓരോ സന്തോഷമുള്ള അവസരം വരുമ്പോഴും ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്; തുറന്നു പറഞ്ഞ് കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്രയ്ക്ക് ഇന്ന് 58-ാം ജന്മദിനമാണ്. നിരവധി പേരാണ് തങ്ങളുടെ ഇഷ്ടഗായികയ്ക്ക് പിറന്നാളാശംസിച്ച് രംഗത്ത് എത്തിയത്.

പിറന്നാള്‍ ദിനത്തില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ചിത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അച്ഛനെപ്പറ്റി വാചാലയാകുന്ന ചിത്രയുടെ അഭിമുഖമാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്  കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ചിത്ര മനസ്സുതുറന്നത്.

‘ഓരോ സന്തോഷമുള്ള അവസരം വരുമ്പോഴും അതോടൊപ്പം തന്നെ ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്. മതിമറന്ന് സന്തോഷിക്കാനുള്ള അവസരം ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

അതുകൊണ്ടായിരിക്കും എപ്പോഴും ഒരേമാതിരി ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ പറ്റുന്നത് എന്ന് തോന്നുന്നു. മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്ന സമയത്ത് അച്ഛന് അസുഖം കൂടി വളരെ സീരിയസായി ഇരിക്കുന്ന സമയമായിരുന്നു.

നാഷണല്‍ അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ആദ്യം അച്ഛന്‍ വിശ്വസിച്ചിരുന്നില്ല. കേട്ടപ്പോള്‍ ഞാനും വിശ്വസിച്ചില്ല. വെറുതെയായിരിക്കും എന്നാണ് കരുതിയത്.

പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് എനിക്ക് സമാധാനമായത്. അച്ഛന് എല്ലാ കാര്യങ്ങളിലും വളരെ എക്‌സൈറ്റഡ് ആകുന്നയാളായിരുന്നു. പക്ഷെ ഒന്നും പുറത്ത് കാണിക്കില്ല,’ ചിത്ര പറഞ്ഞു.

ആറ് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്ര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക് എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. ആല്‍ബം ഗാനങ്ങള്‍ പാടിയായിരുന്നു ചിത്രയുടെ തുടക്കം. അട്ടഹാസം, സ്‌നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ സിനിമകളിലാണ് ആദ്യം പാടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K S Chithra About Her Father

We use cookies to give you the best possible experience. Learn more