| Tuesday, 27th July 2021, 3:52 pm

''എ.ആര്‍. റഹ്മാന്റെ റെക്കോര്‍ഡിംഗ് കഴിയുമ്പോള്‍ പലപ്പോഴും രാത്രി ഒരുമണി വരെയൊക്കെ ആകും''; ഓര്‍മ്മകള്‍ പങ്കുവെച്ച് കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംഗീതവുമായി മുന്നോട്ടുപോകുന്നതില്‍ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു എന്ന് പറയുകയാണ് ഗായിക കെ.എസ്. ചിത്ര. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്ര മനസ്സുതുറന്നത്.

അഭിമുഖത്തിനിടെ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനോടൊപ്പം പ്രവര്‍ത്തിച്ചതിനെപ്പറ്റിയും ചിത്ര തുറന്നു പറഞ്ഞിരുന്നു.

‘പാട്ട് എന്നല്ല. സ്ത്രീകളുടെ ഏത് മേഖലയായാലും ഭര്‍ത്താവ് കൂടി അഡ്ജസ്റ്റ് ചെയ്തില്ലെങ്കില്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റും. ചിലപ്പോള്‍ രാവിലെ ഏഴ് മണിയ്ക്ക് പോകണം.

എ.ആര്‍. റഹ്മാന്റെ റെക്കോര്‍ഡിംഗ് ആണെങ്കില്‍ രാത്രി ഒരുമണിയ്‌ക്കൊക്കെ ആയിരിക്കും തിരിച്ച് വരാന്‍ പറ്റുക. രാത്രിയെ പുള്ളി വര്‍ക്ക് ചെയ്യത്തുള്ളു. സാധാരണ രാത്രി 9 കഴിഞ്ഞാല്‍ റെക്കോര്‍ഡിംഗിന് പോകില്ല എന്ന് ഞാന്‍ പറയും.

അപ്പോള്‍ എന്നോട് എട്ട് മണിയ്ക്ക് വരാന്‍ പറയും. എന്നിട്ട് ഞാന്‍ അവിടെ ഇരിക്കും. പുള്ളി വന്ന് പാട്ട് പറഞ്ഞ് തന്നാല്‍ അല്ലേ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുകയുള്ളു. അങ്ങനെ രാത്രി പന്ത്രണ്ടര ഒരുമണിവരെയൊക്കെ നീണ്ടുപോയിട്ടുണ്ട്,’ ചിത്ര പറഞ്ഞു.

ആറ് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്ര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക് എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. ആല്‍ബം ഗാനങ്ങള്‍ പാടിയായിരുന്നു ചിത്രയുടെ തുടക്കം. അട്ടഹാസം, സ്‌നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ സിനിമകളിലാണ് ആദ്യം പാടിയത്.

1986ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന സിനിമയിലെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’ ഗാനമാണ് ചിത്രയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്. തൊട്ടടുത്ത വര്‍ഷം മലയാള ചിത്രമായ നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും ചാര്‍ത്തി’ എന്ന ഗാനത്തിനും ദേശീയ അവാര്‍ഡ് ചിത്രയെ തേടിയെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Singer K S Chithra About A R Rahman

We use cookies to give you the best possible experience. Learn more