മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന. സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ജ്യോത്സ്‌ന ഇപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരിക്കുകയാണ്.
ഒരിക്കല്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ പറ്റിയ അമളിയെക്കുറിച്ച് പറയുകയാണ് ജ്യോത്സ്‌ന ഇപ്പോള്‍.
മഴവില്‍ മനോരമ ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ വെച്ച് ജ്യോത്സ്‌ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
പാണ്ടിപ്പട എന്ന സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ സംഭവമാണ് ജ്യോത്സ്‌ന പറയുന്നത്. സിനിമയുടെ സംവിധായകരിലൊരാളായ റാഫിയോട് ആളറിയാതെ ചായ ചോദിച്ച രസകരമായ അനുഭവമാണ് ഗായിക പറയുന്നത്.
”അന്ന് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് അറിയാം. എങ്കിലും ഇന്നത്തെ പോലെ എങ്ങനെയാണ് ഇരിക്കുന്നതെന്ന് അറിയില്ലായിരുന്നു. പാണ്ടിപ്പടയ്ക്ക് വേണ്ടി പാട്ട് പാടാന്‍ വന്നതായിരുന്നു ഞാന്‍.
സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എനിക്ക് ചായ കുടിക്കാന്‍ ഭയങ്കര ആഗ്രഹം തോന്നി. അപ്പോള്‍ സോഫയില്‍ ഒരു ആള്‍ ഇരിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തിനോട് പോയി ചോദിച്ചു. ‘ചേട്ടാ, ഒരു ചായ കിട്ടുമോ’ എന്ന്.
അദ്ദേഹം അപ്പോള്‍ തന്നെ പോയി ഒരു ചായ കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു, ഞാന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണ്, എന്ന്. അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി ഞാന്‍,” ജ്യോത്സ്‌ന പറയുന്നു.
2005ല്‍ പുറത്തിറങ്ങിയ പാണ്ടിപ്പട തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് റാഫി-മെക്കാര്‍ട്ടിന്‍ ടീമാണ്.
2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ട് പാടിയതോട് കൂടിയാണ് മലയാളസിനിമയില്‍ ജ്യോത്സ്‌ന ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്.
Content Highlight: Singer Jyotsna shares a funny experience