ഇന്ത്യന്‍ സിനിമയിലെ മികച്ച ഗായകരിലൊരാളാണ് ഹരിഹരന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഹിന്ദി തുടങ്ങി 10 ഭാഷകളില്‍ 1500ലധികം പാട്ടുകള്‍ 32 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെയാണ് ഹരിഹരന്റെ സിനിമാജീവിതം ആരംഭിച്ചത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് രണ്ട് വട്ടവും തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് രണ്ട് തവണയും കേരള സ്റ്റേറ്റ് അവാര്‍ഡ് ഒരു തവണയും ഹരിഹരനെ തേടിയെത്തി. 2004ല്‍ രാജ്യം പദ്മശ്രീ നല്‍കി ഹരിഹരനെ ആദരിച്ചു.
തന്റെ കരിയറിലെ മികച്ച പാട്ടുകള്‍ പലതും എ.ആര്‍ റഹ്‌മാനൊപ്പമാണെന്ന് പറയുകയാണ് ഹരിഹരന്‍. തമിഴിലെ ആദ്യ ചിത്രമായ റോജയില്‍ താന്‍ ഒരു പാട്ട് മാത്രമേ പാടിയുള്ളൂവെന്നും ഇന്നും പലരും ആ പാട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഹരിഹരന്‍ പറഞ്ഞു. എന്നാല്‍ എ.ആര്‍. റഹ്‌മാന്‍ ആ പാട്ട് സിനിമയുടെ എന്‍ഡ് ക്രെഡിറ്റ്‌സിലാണ് കൊണ്ടുവെച്ചതെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ അമ്മയോട് വരെ താന്‍ പാടിയിട്ടുണ്ടെന്ന കാര്യം പറഞ്ഞെന്നും എന്നാല്‍ ആ പാട്ട് സിനിമയില്‍ കേള്‍ക്കാനായില്ലെന്നും ഹരിഹരന്‍ പറഞ്ഞു.എന്നാല്‍ മൂന്ന് മാസത്തിന് ശേഷം ആ പാട്ടാണ് ഏറ്റവും പോപ്പുലറായതെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു.
റോജ എന്ന സിനിമയുടെ എല്ലാ ഇമോഷനും ആ പാട്ടിലാണ് ഉള്ളതെന്നും തനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ് അതെന്നും ഹരിഹരന്‍ പറഞ്ഞു. എ.ആര്‍ റഹ്‌മാനുമായുള്ള സിനിമായാത്ര ആരംഭിച്ചത് റോജ മുതലാണെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഹ്‌മാനുമൊത്ത് ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മറക്കാനാകാത്ത പല പാട്ടുകളും ഉണ്ടെങ്കിലും ആദ്യം മനസിലേക്ക് വരുന്നത് റോജയാണ്. ആ സിനിമയില്‍ ഒരൊറ്റ പാട്ട് മാത്രമേ എനിക്കുള്ളൂ. ‘തമിഴാ തമിഴാ’ എന്ന പാട്ടിനെപ്പറ്റി ഇന്നും പലരും സംസാരിക്കാറുണ്ട്. പക്ഷേ അത്രയും നല്ല പാട്ട് റോജയുടെ എന്‍ഡ് ക്രെഡിറ്റ്‌സിലാണ് വന്നത്. എനിക്ക് അത് വലിയ വിഷമമുണ്ടാക്കി. എന്ത് ചെയ്യുമെന്നൊക്കെ ആലോചിച്ചു. അമ്മയോട് വരെ ഇക്കാര്യം പറഞ്ഞിട്ട് സിനിമ തീരുമ്പോള്‍ ആ പാട്ട് വന്നത് സങ്കടമുണ്ടാക്കി.
എന്നാല്‍ സിനിമ റിലീസായി മൂന്ന് മാസം കഴിഞ്ഞപ്പോഴേക്ക് ആ പാട്ട് പോപ്പുലറായി. ആ പടത്തിന്റെ ഇമോഷന്‍ മുഴുവന്‍ തമിഴാ തമിഴാ എന്ന പാട്ടിലുണ്ട്. എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ് അത്. റോജ കഴിഞ്ഞ ഉടനെ ബോംബൈ, ലവ് ബേര്‍ഡ്‌സ് അങ്ങനെ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തു. എല്ലാത്തിന്റെയും തുടക്കം റോജയില്‍ നിന്നാണ്,’ ഹരിഹരന്‍ പറഞ്ഞു.
Content Highlight: Singer Hariharan about his song in Roja movie and AR Rahman