വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ ജി. വേണുഗോപാല്‍ എത്തുമോ; തിരുവനന്തപുരത്ത് അങ്കം മുറുകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ വട്ടിയൂര്‍ കാവ് മണ്ഡലം തിരിച്ചുപിടിക്കാന്‍ പൊതുസമ്മതരെ ആലോചിച്ച് യു.ഡി.എഫ് നേതൃത്വം. നിലവില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേര് ഗായകന്‍ ജി. വേണുഗോപാലിന്റേതാണ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇത്തവണ വി.കെ പ്രശാന്ത് തന്നെ എത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സര രംഗത്തിറക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. അതേസമയം എന്‍.ഡി.എ ആരെ രംഗത്തിറക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്.

കോളേജ് കാലത്തെ കെ.എസ്.യു ബന്ധം മുന്‍നിര്‍ത്തി വേണുഗോപാലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ജി. വേണുഗോപാലോ യു.ഡി.എഫ് നേതൃത്വമോ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

അതിനിടെ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എം.പി വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ സൂചിപ്പിക്കുന്നത്. രാജ്യസഭാംഗത്വ കാലാവധി വൈകാതെ പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയെ ഇറക്കിയാല്‍ വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

സുരേഷ് ഗോപി ഇപ്പോള്‍ ബി.ജെ.പിയുടെ കേരളത്തിലെ താര പ്രചാരകനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിനെ ഇളക്കിമറിച്ച താരം തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ശക്തമാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
എന്നാല്‍ നടന്‍ ഇതുവരെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ മനസ്സു തുറന്നിട്ടില്ല.

അതേസമയം സംവിധായകന്‍ അലി അക്ബര്‍ 2016 ല്‍ അദ്ദേഹം മത്സരിച്ച കൊടുവള്ളി മണ്ഡലത്തിലെ ബി.ജെ.പി സാധ്യതാ പട്ടികയിലുണ്ട്.

ഇതിനിടെ തൃപ്പൂണിത്തുറയിലോ പാലക്കാട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലോ ബി.ജെ.പിക്കായി മേജര്‍ രവി മത്സരിക്കുമെന്ന ചില പ്രചരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി മേജര്‍ രവി തന്നെ രംഗത്തെത്തി. ഇത്തരം പ്രചാരണം വെറും ‘സ്റ്റണ്ട്’ മാത്രമാണെന്നാണ് മേജര്‍ രവി പറയുന്നത്.

നടന്‍ സിദ്ദിഖും യു.ഡി.എഫുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. വൈപ്പിനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആരാധകരുടെ ആഗ്രഹം മാത്രമാണെന്നാണ് ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞത്.

കൊല്ലം സീറ്റില്‍ മുകേഷിനെ തന്നെ വീണ്ടും പരിഗണിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വികസന കലണ്ടര്‍ ഉള്‍പ്പെടെ പുറത്തിറക്കി മുകേഷ് മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കും എന്ന് മുകേഷ് പ്രതികരിച്ചിട്ടുണ്ട്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാര്‍ എല്‍.ഡി.എഫിനായി വീണ്ടും ഇറങ്ങാനാണ് സാധ്യത.

2011 ലാണ് ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ വേര്‍പെടുത്തി തിരുവനന്തപുരം നോര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലമായി മാറുന്നത്. പിന്നെ നടന്ന രണ്ട് തെരഞ്ഞടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധരനായിരുന്നു അവിടെ വിജയിച്ചത്.

എന്നാല്‍ 2011ല്‍ 16,167 ആയിരുന്ന മുരളിയുടെ ഭൂരിപക്ഷം 2016ല്‍ പകുതിയായി കുറഞ്ഞു. അന്ന് ഇവിടെ നിര്‍ണായകമായത് ബി.ജെ.പിയുടെ മുന്നേറ്റമായിരുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 51,332, എന്‍.ഡി.എ 43,700, എല്‍.ഡി.എഫ് 40,441 എന്നിങ്ങനെയായിരുന്നു വട്ടിയൂര്‍ക്കാവിലെ വോട്ടുനില. 2019ല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അത് എല്‍.ഡി.എഫ് 51,332, യു.ഡി.എഫ് 40,465, എന്‍.ഡി.എ 27,453 എന്ന നിലയിലെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Singer G Venugopal likely to be contest  vattiyoorkkavu UDF Candidate