| Saturday, 28th May 2022, 11:01 pm

ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു; അന്ത്യം ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ കുഴഞ്ഞുവീണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗായകന്‍ ഇടവ ബഷീര്‍(78) അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീണതിന് പിന്നാലെ മരണം സംഭവിക്കുക്കയായിരുന്നു. ഗാനമേളകളെ ജനകീയമാക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനാണ് ഇടവ ബഷീര്‍.

പാട്ട് പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിലെ വേദിയില്‍നിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബഷീറിനെ എത്തിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

ഗാനമേള വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ബഷീര്‍, നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്.

യമഹയുടെ സിന്തസൈസര്‍, മിക്‌സര്‍, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി.ആര്‍ 78 കമ്പോസര്‍, ജൂപ്പിറ്റര്‍ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളില്‍ എത്തിച്ചത് ബഷീര്‍ ആയിരുന്നു.

ആള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും വിവിധ വേദികളിലും വിദേശത്തും ബഷീര്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS: Singer Edava Basheer (78) has passed away

We use cookies to give you the best possible experience. Learn more